തെലങ്കാനയിൽ കോൺഗ്രസിന് ചിരി; മറ്റൊരു ബിആർഎസ് എംപി കൂടിയ കോൺഗ്രസിൽ ചേർന്നു
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തെലങ്കാനയിൽ ബി ആർ എസിന് കനത്ത തിരിച്ചടി നൽകി മറ്റൊരു എംപി കൂടി കോൺഗ്രസിലെത്തി. ചെവെല്ല മണ്ഡലത്തില്‍നിന്നുള്ള ലോക്‌സഭാംഗം രഞ്ജിത്ത് റെഡ്ഡിയാണ് കോൺഗ്രസിൽ ചേർന്നത്. ബി ആർ എസിൽ നിന്നും രാജിവെച്ചതിന് തൊട്ട് പിന്നാലെയായിരുന്നു കോൺഗ്രസ് പ്രവേശം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എ ഐ സി സി ചുമതലയുള്ള ദീപാദാസ് മുൻഷിയും ചേർന്നാണ് രഞ്ജിത്ത് റെഡ്ഡിയെ സ്വാഗതം ചെയ്തത്.
തെലങ്കാനയിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങള്‍ കാരണമാണ് ബി ആർ എസിൽ നിന്നും രാജിവെയ്ക്കുന്നതെന്ന് രഞ്ജിത്ത് എക്സിൽ കുറിച്ചു. 'ബി ആർ എസിൽ നിന്നും രാജിവെച്ചതായി ഞാൻ പ്രവർത്തകരെ അറിയിക്കുകയാണ്. താൻ രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ച് കഴിഞ്ഞു. ഇത്രയും കാലം തനിക്ക് തന്നെ അവസരങ്ങൾക്കും സഹകരണങ്ങൾകും ബി ആർ എസിനോട് നന്ദി അറിയിക്കുന്നു', രഞ്ജിത്ത് എക്സിൽ കുറിച്ചു. നേരത്തേ തന്നെ രഞ്ജിത്ത് ബി ജെ പി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കവെ കോൺഗ്രസിലേക്ക് ബി ആർ എസിൽ നിന്നും നേതാക്കൾ ഒഴുകുകയാണ്. ഇതിനോടകം തന്നെ നിരവധി എം പിമാർ രാജിവെച്ച് കോൺഗ്രസിലേക്ക് എത്തിയിട്ടുണ്ട്. ശനിയാഴ്ച വാറങ്കൽ എം പിയായ പശുനൂരി ദയാകർ കോൺഗരസിൽ ചേർന്നിരുന്നു. നേരത്തേ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബി ആർ എസ് എം എൽ സി കെ കവിതയുടെ അറസ്റ്റിന് പിന്നാലെയും പല നേതാക്കളും പാർട്ടി വിട്ടിരുന്നു. അതേസമയം സംസ്ഥാന ഭരണം പിടിച്ചതോടെ മുൻ മന്ത്രിമാരും എം എൽ എമാരും ബി ആർ എസ് വിട്ട് കോൺഗ്രസിലേക്ക് എത്തിയിട്ടുണ്ട്. കോൺഗ്രസിലേക്ക് മാത്രമല്ല മറ്റ് പാർട്ടികളിലേക്കും നേതാക്കൾ ഒഴുകുന്നുണ്ട്.
നേതാക്കളുടെ കൂട്ടത്തോടെയുള്ള ഒഴുക്ക് ബി ആർ എസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയും കൂടുതൽ പേർ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹമുണ്ട്. കൊഴിഞ്ഞ് പോക്ക് രൂക്ഷമായതോടെ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ബി ആർ എസ് . അതേസമയം സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് ഇത്തവണ കോൺഗസ്. നിയമസഭ തിരഞ്ഞെടുപ്പിലെ തേരോട്ടം ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. നേതാക്കളുടെ വരവ് പാർട്ടി വിജയിക്കുമെന്നതിന്റെ സൂചനയായിട്ടാണ് നേതൃത്വം വിലയിരുത്തുന്നത്.












Click it and Unblock the Notifications