ബിഗ് ബോസ് താരത്തിനെതിരെ വധഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പിഎ സന്ദീപിന് കുരുക്ക്
തന്നെ ജയിലിൽ അടയ്ക്കുമെന്ന് സന്ദീപ് ഭീഷണിപ്പെടുത്തിയെന്നും അർച്ചന പറഞ്ഞു

ദില്ലി: തനിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പിഎ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ബിഗ് ബോസ് താരം. ബിഗ് ബോസ് ഹിന്ദി താരമായ അർച്ചന ഗൗതം ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഇവരുടെ പിതാവിന്റെ പരാതിയിൽ പ്രിയങ്കയുടെ പിഎ ആയ സന്ദീപ് സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ബിഗ് ബോസ് ഹിന്ദി സീസൺ 16 ലെ 5 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു അർച്ചന.
മകൾക്കെതിരെ ജാതി അധിക്ഷേപവും സന്ദീപ് നടത്തിയതായും മീററ്റ് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഫെബ്രുവരി 26 ന് പ്രിയങ്ക ഗാന്ധിയുടെ ക്ഷണ പ്രകാരം ഛത്തീസ്ഗഡിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മകൾക്കെതിരെ അധിക്ഷേപം ഉണ്ടായതെന്ന് ഗൗതം പരാതിയിൽ പറഞ്ഞു.
പരിപാടിക്കിടെ വെച്ച് പ്രിയങ്കയെ കാണാൻ അർച്ചന അനുവാദം തേടി. എന്നാൽ പ്രിയങ്കയെ പരിചയപ്പെടാൻ സന്ദീപ് തയ്യാറായില്ല. മാത്രമല്ല ജാതി അധിക്ഷേപം നടത്തുകയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതിയിൽ ഉണ്ട്.
'പാർട്ടിയെ മോശം പറയിപ്പിക്കുന്ന ഇത്തരക്കാരെ എന്തിനാണ് വെച്ച് പൊറുപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല. സന്ദീപ് സിംഗ് കാരണം എന്നെപ്പോലുള്ള നിരവധി പ്രവർത്തകർക്ക് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരിലേക്ക് എത്താൻ സാധിക്കുന്നില്ല', ഫേസ്ബുക്ക് ലൈവിലൂടെ അർച്ചന ആരോപിച്ചു. പ്രിയങ്കയെ കാണാൻ സന്ദീപ് സിംഗ് ആരെയും അനുവദിക്കുന്നില്ലെന്നും ആ മനുഷ്യൻ തന്നെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അർച്ചന പറഞ്ഞു. നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ യുപി തിരഞ്ഞെടുപ്പിൽ അർച്ചന മത്സരിച്ചിരുന്നു.
അതേസമയം പരാതിയിൽ ഭീഷണിപ്പെടുത്തൽ, പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ നിയമ പ്രകാരം സന്ദീപ് സിങ്ങിനെതിരെ കേസെടുത്തതായി പോലിസ് അറിയിച്ചു.












Click it and Unblock the Notifications