രഘോപൂർ വിട്ടുകൊടുക്കാതെ തേജസ്വി: 35000 വോട്ടുകളുടെ ഭൂരിപക്ഷം, സതീഷിനെ തോൽപ്പിക്കുന്നത് രണ്ടാം തവണ
പട്ന: മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് വിജയിച്ചു. രഘോപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച തേജസ്വി ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ യാദവിനെതിരെ 35000 വോട്ടുകൾക്കാണ് മുന്നിട്ടുനിൽക്കുന്നത്. രഘോപൂരിൽ ബിജെപിയുടെ സതീഷ് യാദവിനെ രണ്ടാം തവണയാണ് തേജസ്വി പരാജയപ്പെടുത്തുന്നത്. നിലവിൽ രഘോപൂരിൽ നിന്നുള്ള നിയമസഭാംഗമായ തേജസ്വി ഇതേ മണ്ഡലത്തിൽ നിന്ന് തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

രണ്ടാംതവണയും
2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവ് 22,700 വോട്ടുകൾക്കാണ് സതീഷ് യാദവിനെ പരാജയപ്പെടുത്തിയത്. 91,236 വോട്ടുകൾ നേടിയ തേജസ്വി മൊത്തം വോട്ട് വിഹിതത്തിന്റെ 49. 15 ശതമാനവും നേടിയിരുന്നു. 68,503 വോട്ടുകളാണ് സതീഷ് യാദവ് നേടിയത്. വോട്ട് വിഹിതത്തിന്റെ 36.9 ശതമാനം മാത്രമാണിത്. അന്നത്തെ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവ് ആർജെഡിയുവും ജെഡിയുവും ചേർന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ സതീഷ് യാദവ് 2010 മുതൽ 2015 വരെയും രഘോപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു. അക്കാലത്ത് ജെഡിയു ടിക്കറ്റിൽ മത്സരിച്ച സതീഷ് ആർജെഡി സ്ഥാനാർത്ഥിയായിരുന്ന റാബ്രി ദേവിക്കെതിരെയാണ് മത്സരിച്ചത്. 2015ൽ തേജസ്വി യാദവ് മത്സരിച്ചതോടെയാണ് ഈ മണ്ഡലം സതീഷ് യാദവിന് നഷ്ടമാകുന്നത്.

ജനപ്രീതിയിൽ മുമ്പിൽ
ആർജെഡി, കോൺഗ്രസ്, സിപിഐ, സിപിഐഎം. സിപിഐഎൽ എന്നീ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ട മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് തേജസ്വി. ഇന്ത്യാ ടുഡേ- ആക്സിസ് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് ജനപ്രീതിയുടെ കാര്യത്തിൽ നിതീഷ് കുമാറിനെക്കാൾ മുമ്പിൽ തേജസ്വി യാദവാണ്. സംസ്ഥാനത്തെ 44 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് മുൻതൂക്കം നൽകുന്നത് തേജസ്വിയ്ക്കാണ്. നിതീഷ് കുമാറിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ബിഹാറിൽ മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ നവംബർ മൂന്നിന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലാണ് രഘോപൂരിൽ വോട്ടെടുപ്പ് നടന്നത്.

ഇരട്ട വിജയം
രാഷ്ട്രീയ ജനതാ ദൾ നേതാവും തേജസ്വിയുടെ സഹോദരനുമായ തേജ് പ്രതാപ് യാദവും ബിഹാർ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഹസൻപൂർ മണ്ഡലത്തിൽ നിന്ന് ജനതാ ദളിന്റെ രാജ്കുമാർ റായിക്കെതിരെ 21,139 വോട്ടുകൾക്കാണ് തേജ്പ്രതാപ് യാദവ് വിജയിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുള്ളത്. തേജ് പ്രതാപ് യാദവ് നേരത്തെ മഹുവ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ ഭാര്യയായിരുന്ന ഐശ്വര്യ റായ് നേരിട്ടുള്ള മത്സരത്തിന് വെല്ലുവിളിച്ചതിനെ തുടർന്നാണ് അദ്ദേഹം മണ്ഡലം മാറി മത്സരിക്കാൻ തീരുമാനിച്ചത്.
Recommended Video

ആരോഗ്യമന്ത്രി പദവി
2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ ജെഡിയുവുമായി സഖ്യം രൂപീകരിക്കുകയും നിതീഷ് കുമാർ സർക്കാരിൽ ആരോഗ്യമന്ത്രിയായി തേജ് പ്രതാപ് യാദവ് നിയമിതനാവുകയും ചെയ്തിരുന്നു. പിന്നീട് പരിസ്ഥിതി വകുപ്പ് കൂടി ലഭിക്കുകയും ചെയ്തിരുന്നു. മഹാസഖ്യത്തിൽ നിന്ന് ജെഡിയു വേർപിരിഞ്ഞതോടെ തേജ് പ്രതാപ് യാദവിന് ക്യാബിനറ്റ് പദവി നഷ്ടമാകുകയായിരുന്നു. തുടർന്ന് 2017ൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications