ഭയപ്പെട്ടത് തന്നെ സംഭവിച്ചു... ജെഡിയു ബിഹാറില്‍ നിന്ന് മായുന്നു? സീറ്റ് വിഭജനം പറയുന്നത്
പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോര്‍മുല പ്രഖ്യാപിച്ചതോടെ ജെഡിയുവിന്റെ സംസ്ഥാനത്തെ ഭാവി സംബന്ധിച്ച് ചോദ്യമുയരുന്നു. സംസ്ഥാനത്തെ അനിഷേധ്യ കക്ഷിയായിരുന്ന ജെഡിയുവിന് മുന്നണിയില്‍ ബിജെപിക്ക് തുല്യമായ സീറ്റാണ് ലഭിച്ചത്. ബിജെപിയുമായുള്ള ബാന്ധവം ജെഡിയുവിന്റെ സ്വാധീനം നഷ്ടപ്പെടുത്തും എന്ന് നേരത്തെ തന്നെ പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ഇത് ശരിവെക്കുന്ന തരത്തിലാണ് ഇന്ന് സീറ്റ് വിഭജന ഫോര്‍മുല പുറത്ത് വന്നത്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പ്രദേശത്ത് അവിടെയുള്ള കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച് പിന്നീട് അവിടെ സ്വാധീനം വളര്‍ത്തുക എന്നതാണ് ബിജെപിയുടെ രീതി. ബിഹാറിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ത്രിപുര, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാം ബിജെപി ഈ രീതിയാണ് പയറ്റിയത്.

ഇതില്‍ ഏറ്റവും വലിയ ഇംപാക്ട് ഉണ്ടായത് ബിഹാറിലാണ്. 2020 ല്‍ തന്നെ ഇതിന്റെ ഫലം തിരഞ്ഞെടുപ്പിലൂടെ വ്യക്തമായതുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്തവണത്തെ സീറ്റ് വിഭജനത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വളര്‍ച്ചയും ജെഡിയുവിന്റെ കുത്തനെയുള്ള ഇടിവും സംഭവിച്ചതാണ് ബിഹാറില്‍ ജെഡിയുവും ബിജെപിയും തുല്യ പങ്കാളികളാകാന്‍ കാരണമായത്.
ഇത്തവണ ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളില്‍ 101 സീറ്റുകള്‍ വീതം മത്സരിക്കാനും ബാക്കിയുള്ളത് മറ്റ് പങ്കാളികള്‍ക്ക് നല്‍കാനും ഇരുകക്ഷികളും തീരുമാനിച്ചിരിക്കുകയാണ്. ജെഡിയുവിന് 115 ഉം ബിജെപിക്ക് 110 ഉം സീറ്റുകള്‍ ലഭിക്കും എന്ന് കരുതിയിരുന്നിടത്താണ് ഇത്തരത്തിലൊരു നിലയിലേക്ക് തീരുമാനം മാറ്റിയത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി)ക്ക് 29 സീറ്റുകള്‍ ലഭിച്ചതും കണക്കുകളെ സ്വാധീനിച്ച ഒരു ഘടകമാണ്.
നിതീഷ് കുമാര്‍ രണ്ട് പതിറ്റാണ്ടായി സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ശക്തി അദ്ദേഹം നയിക്കുന്ന ജെഡിയുവിന് ഗുണകരമായിട്ടില്ല എന്ന് വ്യക്തം. 2020 ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 110 സീറ്റുകളില്‍ മത്സരിക്കുകയും 74 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു, അതായത് 68% സ്‌ട്രൈക്ക് റേറ്റ്. 43 സീറ്റ് മാത്രം നേടിയ ജെഡിയുവിന്റെ സ്‌ട്രൈക്ക് റേറ്റ് 38% ല്‍ താഴെയായിരുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം, 2015 ല്‍ നിന്ന് ഒരു പുനരുജ്ജീവനമായിരുന്നു ഇത്. അന്ന് നിതീഷിന്റെ നേതൃത്വത്തിലുള്ള ജെഡിയു ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം നരേന്ദ്ര മോദിക്ക് ആദ്യ പരാജയം സമ്മാനിച്ചിരുന്നു. 2015 ലെ ആ തിരഞ്ഞെടുപ്പില്‍, ബിജെപി മത്സരിച്ച 157 സീറ്റുകളില്‍ ഏകദേശം 34% മാത്രമാണ് നേടിയത്.
ദുര്‍ബലമായ എന്‍ഡിഎയ്ക്ക് വലിയ പരാജയമായിരുന്നു അത്. 2015 ലെ മഹാഗത്ബന്ധന്റെ ഭാഗമായി ജെഡിയു മത്സരിച്ച 101 സീറ്റുകളില്‍ 71 സീറ്റുകള്‍ നേടി, 70% വിജയ നിരക്ക്. അതേസമയം സഖ്യം നിയമസഭയിലെ 243 സീറ്റുകളില്‍ 178 സീറ്റുകള്‍ നേടി. എന്നാല്‍ ഇതിനിടെ നിതീഷ് കുമാര്‍ മധ്യത്തില്‍ ബിജെപിയിലേക്ക് മടങ്ങി. 2020 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചു.
2020 ലെ തിരഞ്ഞെടുപ്പില്‍, മത്സരിച്ച സെഗ്മെന്റുകളിലെ ജെഡിയുവിന്റെ വോട്ട് വിഹിതം 2015 ലെ 41% ല്‍ നിന്ന് 33% ല്‍ താഴെയായി. സീറ്റ് വിജയനിരക്കും 38% ല്‍ താഴെയായി കുറഞ്ഞു. 2010 ല്‍ നിതീഷ് കുമാറിന്റെ ജെഡിയു മത്സരിച്ച 141 സീറ്റുകളില്‍ 115 എണ്ണം നേടിയിരുന്നു, അതായത് 82% സ്‌ട്രൈക്ക് റേറ്റ്. ആ അര്‍ത്ഥത്തിലും അന്ന് ബിജെപി മുന്നിലായിരുന്നു. അവര്‍ മത്സരിച്ച 102 സീറ്റുകളില്‍ 91 എണ്ണം നേടി, 89% വിജയ നിരക്ക്.
നേരത്തെ പറഞ്ഞതുപോലെ, 2020 ആയപ്പോഴേക്കും, ബിജെപി 110 സീറ്റുകളില്‍ 74 എണ്ണം നേടി, അതായത് 68%, അതേസമയം ജെഡിയു മത്സരിച്ച 115 സീറ്റുകളില്‍ 43 എണ്ണം നേടി 38% ല്‍ താഴെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നിതീഷ് കുമാറിന്റെ സീനിയോറിറ്റിയെ മാനിച്ചതിനാല്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു, പക്ഷേ ബിജെപി രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചു.
ഇത്തവണ, നിതീഷ് ബിജെപിയില്‍ നിന്ന് മറ്റൊരാള്‍ക്ക്, ഒരുപക്ഷേ അതിലും പ്രായം കുറഞ്ഞയാള്‍ക്ക്, വഴിമാറി നല്‍കിയേക്കാമെന്നാണ് സംസാരം. പക്ഷേ, എന്‍ഡിഎ വിജയിച്ചാല്‍ മാത്രമേ അത് സംഭവിക്കൂ. 2020 ല്‍ വ്യക്തമായതുപോലെ, സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നമാകാം. ഏതായാലും സീറ്റ് വിഭജനം ജെഡിയു ഇനി പ്രബല പങ്കാളിയല്ലെന്ന് വ്യക്തമായി കാണിക്കുന്നു.












Click it and Unblock the Notifications