'മുഖ്യമന്ത്രി ആരെന്ന് ഒരുമിച്ചിരുന്ന് തീരുമാനിക്കും'; നിതീഷിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി അമിത് ഷാ
ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎയ്ക്കുള്ളിലെ ഭിന്നതകൾ കുറിച്ചുള്ള വാർത്തകൾ പൂർണമായി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തന്നെ സഖ്യം മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനവും ജയിച്ചാൽ മുഖ്യമന്ത്രി ആരാകും എന്നതിന്റെയും പേരിൽ മുന്നണിയിൽ ഭിന്നതകൾ ഉണ്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അമിത് ഷായുടെ രംഗപ്രവേശം.
ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കൂ എന്നും അമിത് ഷാ പറഞ്ഞു. നവംബർ 14ന് ഫലം പ്രഖ്യാപിക്കുമ്പോൾ എൻഡിഎ സകല മുൻകാല റെക്കോർഡുകളും തകർക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിതീഷിന്റെ കാര്യത്തിൽ എന്നല്ല മുഖ്യമന്ത്രി ആര് തന്നെ ആയാലും സഖ്യത്തിലെ എല്ലാ കക്ഷികളും ഒരുമിച്ച് ഇരുന്നാവും തീരുമാനം എടുക്കുകയെന്നാണ് അമിത് ഷാ പറയുന്നത്. നിതീഷ് കുമാറിന്റെ കാര്യത്തിൽ അദ്ദേഹത്തെ തള്ളിക്കളയാനോ മുഖ്യമന്ത്രി ആവുമെന്ന് ഉറപ്പിച്ച് പറയാനോ അമിത് ഷാ കൂട്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതി തീരുമാനം എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്.
'നിതീഷ് കുമാർ മുഖ്യമന്ത്രിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഒരിക്കലും ഞാനല്ല. ഇപ്പോൾ ഞങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാ സഖ്യകക്ഷികളും ഒരുമിച്ച് ഇരുന്നു അവരുടെ നേതാവിനെ തീരുമാനിക്കും' എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, തന്റെ പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ ബിഹാറിൽ ലഭിച്ചത് കൊണ്ട് ബിജെപിയിൽ നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന് ഊന്നിപ്പറഞ്ഞ് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നുവെന്ന് അമിത് ഷാ വെളിപ്പെടുത്തി. അതിനർത്ഥം ഇക്കുറി ഒരു ബിജെപി മുഖ്യമന്ത്രിയ്ക്ക് നറുക്ക് വീഴുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
കൂടുതൽ സീറ്റുകൾ നേടിയിട്ടും സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രി വരാതെ എന്തുകൊണ്ട് നിതീഷിനെ തിരഞ്ഞെടുത്തു എന്നതിന്റെ കാരണവും അമിത് ഷാ വ്യക്തമാക്കി. 'എന്നാൽ ഞങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ സഖ്യത്തെ ബഹുമാനിച്ചിരുന്നു, അദ്ദേഹം നേടിയെടുത്ത ബഹുമാനത്തിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയാക്കിയത്' എന്നായിരുന്നു ഷാ പറഞ്ഞത്.
മുന്നണികളിൽ നിന്നും മാറി മാറി കളിക്കുന്ന നിതീഷിന്റെ ശൈലിയെ കുറിച്ചുള്ള ചോദ്യത്തിന് അമിത് ഷാ മറുപടി നൽകി. കോൺഗ്രസിനൊപ്പം നിതീഷ് ചേർന്ന് പ്രവർത്തിച്ചത് ഏകദേശം രണ്ടര വർഷം മാത്രമാണെന്നും കോൺഗ്രസിനെ എതിർക്കുന്നതിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം പ്രധാനമായും നിർവചിച്ചിട്ടിട്ടുള്ളതെന്നും അമിത് ഷാ പറഞ്ഞു.
കോൺഗ്രസ് പ്രധാനമായും ഉയർത്തുന്ന നിതീഷ് കുമാറിന്റെ പ്രായത്തിന്റെ പ്രശ്‌നവും പെരുമാറ്റത്തിലെ അസ്വാഭാവികതയും ഒക്കെ അമിത് ഷാ പൂർണമായും തള്ളിക്കളഞ്ഞു. പലപ്പോഴായി ഫോണിലൂടെയുള്ള ചർച്ചകളും നേരിട്ട് കാണുകയും ചെയ്‌തിട്ടും അത്തരമൊരു അനുഭവം തനിക്ക് ഉണ്ടാവുകയോ അങ്ങനെ തോന്നുകയോ ചെയ്‌തിട്ടില്ല എന്നാണ് അമിത് ഷാ പറയുന്നത്.
അതേസമയം, നവംബർ 6, നവംബർ 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ബിഹാർ തിരഞ്ഞെടുപ്പ് നടക്കുമെന്നും നവംബർ 14-ന് ഫലം പ്രഖ്യാപിക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കാനിരിക്കെയാണ് നിർണായകമായ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.












Click it and Unblock the Notifications