ബിൽക്കീസ് ബാനു കേസ്;'പ്രതികൾ മുസ്ലീങ്ങളെ വേട്ടയാടിയത് രക്തദാഹികളെ പോലെ' ;സുപ്രീം കോടതി
ഡൽഹി: 2002 ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ആഞ്ഞടിച്ച് സുപ്രീം കോടതി. മുസ്ലീങ്ങളെ വേട്ടയാടി കൊലപ്പെടുത്തണമെന്ന ചിന്തയോടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ പിന്തുടർന്നതെന്നും അവർ രക്തദാഹികളെ പോലെയാണ് പെരുമാറിയതെന്നും കോടതി വിമർശിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളേയും വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ പ്രതികരണം.
ഗർഭിണിയായിരിക്കെയാണ് ബിൽക്കിസ് ബാനു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. അവരുടെ ഒരു കുഞ്ഞിനെ പ്രതികൾ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നും സഹോദരിയെ പോലെയാണ് താൻ എന്ന് അവൾ കേണ് കരഞ്ഞിട്ടും പ്രതികൾ അത് കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും ബിൽക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഡ്വ ശോഭ ഗുപ്ത പറഞ്ഞു.

'എല്ലാവരേയും തനിക്ക് നേരിട്ട് അറിയുന്നതാണെന്നും നിങ്ങളുടെ സഹോദരിയെ പോലെയല്ലേയെന്നും അവൾ കരഞ്ഞിരുന്നു. പെട്ടെന്ന് നടന്നൊരു സംഭവമല്ലത്. പ്രതികൾ ബിൽക്കിസ് ബാനുവിനെ പിന്തുടരുകയായിരുന്നു. മുസ്ലീങ്ങളെ വേട്ടയാടി കൊലപ്പെടുത്തണമെന്ന ചിന്തയോടെ രക്തദാഹികളെ പോലെയായിരുന്നു അവൾ അവളെ വേട്ടയാടിയത്. ഇത് മുസ്ലീങ്ങളാണ്, അവരെ കൊലപ്പെടുത്തണമെന്ന് അവർ ആക്രോശിച്ചു. പ്രതികളുടെ നടപടി അപൂർവ്വമാണെന്നും വർഗീയ വിദ്വേഷം മൂലമാണ് കുറ്റം ചെയ്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്', ശോഭ ഗുപ്ത പറഞ്ഞു.
കേസിൽ ശിക്ഷിക്കപ്പെട്ട മുഴുവൻ കുറ്റവാളികളേയും 2022 ആഗസ്റ്റ് 15 നായിരുന്നു ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ടത് ഇരയായ ബിൽക്കീസ് ബാനു അറിഞ്ഞിരുന്നില്ലെന്നും പ്രതികൾക്കായി ജയിലിന് പുറത്ത് വലിയ സ്വീകരണമടക്കമുള്ള ആഘോഷങ്ങൾ നടന്നപ്പോൾ മാത്രമാണ് അവർ ഇക്കാര്യം അറിയുന്നതെന്നും അഭിഭാഷക സുപ്രീം കോടതിയിൽ പറഞ്ഞു. വെറുതെ വിട്ട നടപടി തെറ്റായ സന്ദേശമായിരിക്കും സമൂഹത്തിന് നൽകുകയെന്ന് സിബിഐ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ശോഭ ഗുര്ത വ്യക്തമാക്കി. കേസിൽ വാദം തുടരും.
കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കുറ്റവാളികളെ വിട്ടയക്കാനുള്ള നിയമപരമായ അധികാരം ഗുജറാത്ത് സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കേസിൽ 2004 ലാണഅ പ്രതികൾ അറസ്റ്റിലായത്. 2008 ജനുവരിയിലാണ് പ്രത്യേക സി ബി ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.












Click it and Unblock the Notifications