ബില്‍ക്കീസ് ബാനു കേസ്; 41 ദിവസത്തിന് ശേഷം വീണ്ടും സുപ്രീംകോടതി, പ്രത്യേക ബെഞ്ച് നോക്കും

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനുവിന്റെ ഹര്‍ജിയില്‍ പ്രത്യേക ഡിവിഷന്‍ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വീണ്ടും. ബില്‍ക്കീസിന്റെ അഭിഭാഷക ശോഭ ഗുപ്ത ഇക്കാര്യം ഇന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ വേളയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്തതും കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തതും.
കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും കഴിഞ്ഞ വര്‍ഷം ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചതിനെതിരെയാണ് ബില്‍ക്കീസ് സുപ്രീംകോടതിയിലെത്തിയത്. നാലാം തവണയാണ് അപ്പീല്‍ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കണമെന്ന് ബില്‍ക്കീസിന്റെ അഭിഭാഷക ആവശ്യപ്പെടുന്നത്. നേരത്തെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഒരു ജഡ്ജി പിന്മാറിയിരുന്നു. ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഫെബ്രുവരിയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 41 ദിവസം പിന്നിട്ടിട്ടും നടപടിയായില്ല. ഇതാണ് ഇന്നും ബില്‍ക്കീസിന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പുതിയ ബെഞ്ച് രൂപീകരിക്കണമെന്നും ശോഭ ഗുപ്ത കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ ബെഞ്ച് രൂപീകരിക്കും, ഇന്ന് വൈകീട്ട് ഇക്കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്. കുടാതെ, പ്രതികളുടെ മോചന ആവശ്യം പരിശോധിച്ച് തീരുമാനിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്തും ഹര്‍ജികളുണ്ട്.
മോചനം തേടി പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഗുജറാത്ത് സര്‍ക്കാരിനോട് വിഷയം പരിശോധിച്ച് തീരുമനമെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് കഴിഞ്ഞ മെയ് 13നായിരുന്നു. ഈ ഉത്തരവാണ് ചില ഹര്‍ജികളില്‍ ചോദ്യം ചെയ്യുന്നത്. ബില്‍ക്കീസും ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പിന്നീടാണ് അവര്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്.
സുപ്രീംകോടതി വിഷയം പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ടു മാസം കഴിഞ്ഞപ്പോള്‍ എല്ലാ പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ആഗസ്റ്റ് 15ന് 11 പ്രതികളും പുറത്തിറങ്ങി. ഇവര്‍ക്ക് വിഎച്ച്പി ജയിലിന് പുറത്തും ഓഫീസിലും സ്വീകരണം ഒരുക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.












Click it and Unblock the Notifications