റാവത്ത് അവസാനമായി കുടിവെള്ളം ചോദിച്ചു: പക്ഷെ കൊടുക്കാന്‍ കഴിഞ്ഞില്ല: രക്ഷാപ്രവർത്തകന്‍
കൂന്നൂർ: നീലഗിരി ജില്ലയിലെ കൂന്നൂരില്‍ ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർക്ക് രാജ്യം വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂനൂരില്‍ നിന്നും കോയമ്പത്തൂരിലെ സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളായിരുന്നു സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് നാലരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ദില്ലിക്ക് കൊണ്ടുപോയി. ദില്ലിയിലെ പാലം വ്യോമസേന വിമാനത്താവളത്തിൽ രാത്രി എട്ട് മണിയോടെ എത്തിക്കുന്ന മൃതദേഹങ്ങൾ ടെക്നിക്കൽ ഏരിയയിലേക്ക് മാറ്റും. ഇവിടെ വെച്ചായിരിക്കും പ്രധാനമന്ത്രി മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ അന്തിമോപചാരം അർപ്പിക്കുക. അതേസമയം, മേധാവി ബിപിൻ റാവത്തിനെ അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ രംഗത്ത് എത്തി.
Recommended Video

ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ലെന്നാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യഘട്ടത്തില്‍ തന്നെ ഓടിയെത്തിയ ശിവകുമാർ പറയുന്നു. ആദ്യം ഇടിമുഴക്കം പോലെയുള്ള ശബ്ദമാണ് കേട്ടത്, ചുറ്റും കനത്ത പുകയായിരുന്നു. 12 മണിയോടെയാണ് അപകടം നടക്കുന്നത്. രക്ഷാപ്രവർത്തനം നടത്താന്‍ കഴിയുന്ന ഒരു സാഹചര്യമായിരുന്നില്ല അപ്പോഴെന്നും വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

ഹെലികോപ്ടറിലാകെ തീ പിടിച്ചിരുന്നു. ഇതോടൊപ്പം തന്നെ പുകയും ഉർന്നു. അതോടൊപ്പം തന്നെ ആരെങ്കിലും കാട്ടിലേക്ക് തെറിച്ച് വീണിട്ടുണ്ടോയെന്നും നാട്ടുകാർ പരിശോധിച്ചു. അങ്ങനെ മൂന്ന് പേര്‍ കോപ്റ്ററിന് പുറത്ത് കാട്ടിലായി പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അപ്പോഴേക്കും പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ബിപിന്‍ റാവത്തിനെ കാണുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. പുറത്തേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിനിടെ അദ്ദേഹം വെള്ളം ചോദിച്ചു. 'ഗെറ്റ് സം വാട്ടര്‍ പ്ലീസ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ ആ സാഹചര്യത്തില്‍ അവിടെ വെള്ളം കൊണ്ടുവരിക പ്രായോഗികമല്ലായിരുന്നു, തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്ത് എത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന നല്‍കിയത്. അങ്ങനെ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. ആ സമയത്തൊന്നും അദ്ദേഹം ബിപിന്‍ റാവത്ത് ആണന്നോ സംയുക്ത സൈനിക മേധാവിയാണെന്നോ അറിയില്ലായിരുന്നുവെന്നും ശിവകുമാർ പറയുന്നു.

പിന്നീട് വാർത്തകള്‍ കണ്ടാണ് അപകടത്തില്‍പ്പെട്ടവരെ കുറിച്ച് അറിയാന്‍ സാധിച്ചത്. വാഹനത്തിന് കയറി വരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പരിക്കേറ്റവരെ പുതപ്പിലെടുത്താണ് റോഡിലേക്ക് ചുമന്നുകൊണ്ടുപോയത്. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തിയിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തിയ ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തും. അദ്ദേഹം വെള്ളം ചോദിച്ചിട്ടും ആ അവസ്ഥയില്‍ വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകർന്നു വീഴുകയായിരുന്നു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം 14 പേരായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടറിലുണ്ടായിരുന്നത്. 13 പേരും അപകടത്തില്‍ മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.












Click it and Unblock the Notifications