ബിപോര്‍ജോയ് ചുഴലിക്കാറ്റ്: പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ബിപോര്‍ജോയ് ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ചതിന് പിന്നാലെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
'വലിയൊരു വിപത്തിനെ ആളപായമില്ലാതെ നേരിടാന്‍ നമുക്ക് കഴിഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, മറ്റ് ഏജന്‍സികള്‍ എന്നിവ അശ്രാന്തമായി പരിശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാര്‍ഗനിര്‍ദേശത്തിന് കീഴിലാണ് ഇത് സാധ്യമായത്'- ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

'സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ പോലും അഞ്ച് ദിവസം ഗുജറാത്തില്‍ ക്യാമ്പ് ചെയ്തു, പിന്തുണച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ നന്ദി അറിയിക്കുന്നു. കാര്യങ്ങള്‍ പഴയ പോലെ പുന:സ്ഥാപിക്കുക എന്നതാണ് വലിയ വെല്ലുവിളി, എല്ലാ ഏജന്‍സികളും അതിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കും, ഉടന്‍ തന്നെ അതില്‍ വിജയം കൈവരിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗുജറാത്തില്‍ കനത്ത നാശനഷ്ടമാണ് ബിപോര്‍ ചുഴലിക്കാറ്റ് വരുത്തിവച്ചത്. കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീവം അതിതീവ്രമായാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മരങ്ങളും വൈദ്യുത പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. കൂടാതെ ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
സൗരാഷ്ട്ര തീരങ്ങഴില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഏകദേശം 50 കിലോ മീറ്റര്‍ വ്യാസമുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. എട്ട് തീരദേശ ജില്ലകളില്‍ താമസിക്കുന്ന 94,000 പേരെ വ്യാഴാഴ്ച വൈകുന്നേരത്തോടെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിരുന്നു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4600 ഗ്രാമങ്ങളില്‍ വൈദ്യുതിയില്ലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ 3580 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. സംസ്ഥാനത്ത് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് അച്ഛനും മകനുമാണ് മരിച്ചത്.
അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് ശക്തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ 17നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications