ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; പണി തുടങ്ങി ബിജെപി...ഇറങ്ങുന്നത് കേന്ദ്രന്ത്രിമാർ
ദില്ലി; 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബംഗാളിൽ തന്ത്രം മെനഞ്ഞ് ബി ജെ പി. കഴിഞ്ഞ തവണ വിജയിച്ച 19 സീറ്റുകളെ കൂടാതെ 6 അധിക സീറ്റുകളാണ് ഇത്തവണ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. പല സിറ്റിംഗ് സീറ്റുകളും ഇക്കുറി നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 'ടാർഗറ്റ്' തീരുമാനിച്ചുള്ള പ്രവർത്തനത്തിലേക്ക് പാർട്ടി കടക്കാനൊരുങ്ങുന്നതെന്ന് ബി ജെ പി വൃത്തങ്ങൾ പറഞ്ഞു.

2014 മുതൽ ബി ജെ പിയും ആർ എസ് എസും നടത്തിയ വ്യക്തമായ പദ്ധതിയുടെ ഫലമായിരുന്നു കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 2 ൽ നിന്നും 19 ലേക്കുള്ള ബി ജെ പിയുടെ കുതിപ്പ്. 25 സീറ്റ് ലക്ഷ്യം വെച്ചായിരുന്നു ബി ജെ പി അങ്കത്തിന് ഇറങ്ങിയതെങ്കിലും മമതയേയും തൃണമൂലിനേയും ഞെട്ടിച്ച പ്രകടനം അവർക്ക് കാഴ്ച വെയ്ക്കാൻ സാധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം 2021 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നായിരുന്നു ബി ജെ പി വിലയിരുത്തൽ. പാർട്ടിയുടെ പ്രതീക്ഷ കുത്തനെ ഇരട്ടിപ്പിച്ച് തൃണമൂലിൽ നിന്ന് ബി ജെ പിയിലേക്ക് നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്കാണ് സംഭവിച്ചത്. തൃണമൂൽ നേതാവ് മമത ബാനർജിയുടെ വിശ്വസ്തർ എന്ന് കണക്കാക്കിയിരുന്നവർ പോലും ബി ജെ പിയിൽ എത്തി.

എന്നാൽ ബി ജെ പിയുടെ കണക്ക് കൂട്ടൽ പാടെ തെറ്റിച്ച് കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് കൂറ്റൻ വിജയമായിരുന്നു സ്വന്തമാക്കിയത്. തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ വിട്ട് ബി ജെ പിയിലെത്തിയ പലരും ബിജെപിയെ കൈവിട്ട് തൃണമൂലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ മറ്റൊരു ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ 2019 ന്റെ ആവർത്തനം ബംഗാളിൽ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഇതിനായി കേന്ദ്ര മന്ത്രിമാരെ തന്നെയാണ് ബി ജെ പി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രമന്ത്രിമാർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. 2024ല്‍ വിജയിക്കാന്‍ സാധ്യതയുള്ളതും, കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് പിന്നിലായതുമായ മണ്ഡലങ്ങളും ലക്ഷ്യമിട്ടാകും പ്രവർത്തനങ്ങൾ. ആകെയുള്ള 42 സീറ്റുകളിൽ 25 സീറ്റുകളാണ് ബി ജെ പി ലക്ഷ്യം വെയ്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

മുൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മേഖലകളിലാണ് 2021 ൽ തങ്ങൾ തിരിച്ചടി നേരിട്ടത്. 2019ൽ വിജയിച്ച ലോക്‌സഭാ സീറ്റുകളിൽ ചിലത് നിലനിർത്താനാകാതെ വന്നേക്കാം എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെ കഴിഞ്ഞ തവണ പാർട്ടി നേതാക്കൾ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ടതും 2024 ൽ ജയസാധ്യത ഉണ്ടെന്ന് ഉറപ്പുള്ള മണ്ഡലങ്ങലിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം. 25 സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇവയിൽ സിറ്റിംഗ് സീറ്റുകളും ഉൾപ്പെടുന്നുണ്ട്, ബിജെപി നേതാവ് പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ പുരുളിയയിലും ജാർഗ്രാം ലോക്സഭ സീറ്റിലും തിരിച്ചടി നേരിടാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹിന്ദു അഭയാർത്ഥി മതവിഭാഗമായ മതുവാസ് ആധിപത്യം പുലർത്തുന്ന പ്രദേശങ്ങളിലും ഞങ്ങൾ തിരിച്ചടി നേരിട്ടേക്കാം, നേതാവ് പറഞ്ഞു. പൗരത്വം നൽകാമെന്ന് വാഗ്ദാനം ചെയ്തതോടെ മതുവാസ് തങ്ങളെ പിന്തുണച്ചിരുന്നു. എന്നാൽ പൗരത്വ ഭേഗതിയും എൻആർസിയും നടപ്പാക്കാൻ കഴിയാതിരുന്നതോടെ അവർ അകന്നു. റാണാഘട്ടിലും ബോൻഗവോണിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചേക്കില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications