ഉത്തർ പ്രദേശിലെ കോട്ടകൾ കാക്കാൻ ബിജെപിയും കോൺ ഗ്രസും; ലഖ്നൗവിലും റായ്ബറേലിയിലും അഭിമാന പോരാട്ടം
ദില്ലി: നാലാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിൽ എല്ലാ കണ്ണുകളും ബിജെപിയുടെയും കോൺഗ്രസിന്റെയും ശക്തി കേന്ദ്രങ്ങളിലേക്ക്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ലഖ്നൗവും റായ്ബറേലിയും ആണ് ഇരു പാർട്ടികൾക്കും അഭിമാന പോരാട്ടം കാഴ്ച വെക്കേണ്ട മണ്ഡലങ്ങൾ. അവധ് മേഖലയിലെ ഒമ്പത് ജില്ലകൾ, തെരായ്, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ലഖിംപൂർ ഖേരിയിലെ കർഷകരുടെ സമരത്തിന്റെയും കോവിഡ് സമയത്ത് സർക്കാർ നൽകിയ സഹായങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്. നിലവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പിലിപിറ്റ്, ലഖിംപൂർ ഖേരി, സിതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബാന്ധ, ഫത്തേർപൂർ എന്നീ പ്രദേശങ്ങളിൽ 2017 ലെ തിരഞ്ഞെടുപ്പിൽ 59 സീറ്റുകളിൽ 50 സീറ്റുകളിലും വിജയം നേടിയത് ബിജെപി ആയിരുന്നു. 41.1 ശതമാനം വോട്ടാണ് ഇവിടങ്ങളിൽ ബിജെപിക്ക് ലഭിച്ചത്. സമാജ്‌വാദി പാർട്ടി നാലും ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസും രണ്ടും വീതം സീറ്റ് വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദൾ ഒരു സീറ്റിൽ വിജയിച്ചിരുന്നു.

സീതാപൂരിൽ ഒൻപതിൽ ഏഴും റായ്ബറേലിയിൽ ആറിൽ മൂന്നും ബിജെപി വിജയിച്ചു. 2012ൽ ഒമ്പതിൽ ഏഴ് സീറ്റുകളിൽ എസ്പി ജയിച്ചതൊഴിച്ചാൽ അയോദ്ധ്യ ക്ഷേത്ര പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ തന്നെ ലഖ്‌നൗ ബിജെപിയുടെ കരുത്തുറ്റ കോട്ടയായി മാറിക്കഴിഞ്ഞിരുന്നു. 2017 ൽ ഇവിടെ എട്ട് സീറ്റുകൾ നേടി ബിജെപി തിരിച്ചടിച്ചിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 1991-നും 2004-നും ഇടയിൽ അഞ്ച് തവണ ലഖ്‌നൗ ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ചു. അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി 1950 മുതൽ തന്നെ കോൺ ഗ്രസിന്റെ ഉറച്ച കോട്ടയാണ്. ഇവിടെ നിന്നാണ് ഫിറോസ് ഗാന്ധി ആദ്യമായി ലോക്‌സഭാ സീറ്റിൽ വിജയിച്ചതും.
എന്നാൽ 2017ൽ ജില്ലയിലെ ആറ് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് കോൺ ഗ്രസ് ജയിച്ചത്. കോൺഗ്രസ് എംഎൽഎമാരായ അദിതി സിംഗ്, രാകേഷ് സിംഗ് എന്നിവർ ബിജെപിയിലേക്ക് കൂറ് മാറി. ഇപ്പോൾ അവരുടെ സീറ്റുകളായ റായ്ബറേലി സദർ, ഹർചന്ദ്പൂർ എന്നിവിടങ്ങളിൽ നിന്നും മത്സരിക്കുന്നുമുണ്ട്. ലഖ്‌നൗവിൽ നിന്ന് രണ്ട് മന്ത്രിമാരാണ് ബിജെപിക്കായി മത്സരിക്കുന്നത്. ലഖ്നൗ കാന്റിൽ നിന്ന് ബ്രജേഷ് പഥക്കും ലഖ്‌നൗ ഈസ്റ്റിൽ നിന്ന് അശുതോഷ് ടണ്ടനും ആണ് മത്സരിക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ്ങാണ് സരോജിനിനഗറിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ലഖ്‌നൗ സെൻട്രലിൽ നിന്ന് രവിദാസ് മെഹ്‌റോത്രയെപ്പോലുള്ള ശക്തരായ മത്സരാർത്ഥികളെ മത്സരിപ്പിക്കുന്നതിന് പുറമെ രാജേശ്വരിനെതിരെ എസ്പി മുൻ മന്ത്രി അഭിഷേക് മിശ്രയെ രംഗത്തിറക്കിയിട്ടുണ്ട്.
ലഖ്‌നൗ വെസ്റ്റിൽ നിന്ന് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ പ്രശസ്തനായ സദഫ് ജാഫറിനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. ഫത്തേപൂരിൽ ആകട്ടെ രണ്ട് മന്ത്രിമാർ കൂടി ഭരണകക്ഷിക്കായി മത്സരിക്കുന്നുണ്ട് ഹുസൈൻഗഞ്ചിൽ നിന്ന് ബിജെപിയുടെ രൺവേന്ദ്ര പ്രദാപ് സിംഗ്, ബിന്ദ്കിയിൽ നിന്ന് അപ്നാദൾ (എസ്) ജയ് കുമാർ സിംഗ്. ഉന്നാവോ ആണ് ബിജെപിക്ക് വെല്ലുവിളി ആയേക്കാവുന്ന സ്ഥലം 2017-ൽ ബിജെപി ആദ്യമായി ബാംഗർമൗ സീറ്റ് നേടിയിരുന്നു.
എന്നാൽ, ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എംഎൽഎ കുൽദീപ് സെൻഗാർ അയോഗ്യനാക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ, കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖിംപൂർ ഖേരിയിൽ നടന്ന സംഭവവും ബിജെപിക്ക് പ്രതികൂലം ആയേക്കും. കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകൻ ആശിഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം ഇടിച്ച് കർഷകർ മരിച്ചത് വലിയ തലവേദന ആയിരുന്നു ബിജെപിക്ക് ഉണ്ടാക്കിയത്.












Click it and Unblock the Notifications