യെഡിയൂരപ്പ മാറില്ല, മകനെതിരെ വിരല്‍ ചൂണ്ടിയവര്‍ പുറത്തേക്ക്, പണിയെടുക്കാത്ത മന്ത്രിമാരും തെറിക്കും
ദില്ലി: കര്‍ണാടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം. യെഡിയൂരപ്പയ്‌ക്കെതിരെ ചെറു വിരല്‍ പോലും അനക്കാന്‍ അമിത് ഷാ തയ്യാറായിട്ടില്ല. പക്ഷേ മിഷന്‍ 2023 എന്ന തന്ത്രം യെഡിയൂരപ്പയെ ഭാവിയില്‍ ഒഴിവാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ അദ്ദേഹത്തെ മാറ്റാന്‍ ബിജെപി തയ്യാറല്ല. പകരം കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ ഒന്നൊന്നായി മാറ്റാന്‍ കേന്ദ്ര നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പലര്‍ക്കും മന്ത്രിസ്ഥാനം നഷ്ടമാവും. യെഡിയൂരപ്പയുടെ മകന്റെ രാഷ്ട്രീയ വിജയം കൂടിയാണിത്.

പുറത്തേക്ക് വിമതര്‍
യെഡിയൂരപ്പയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ദില്ലിയിലെത്തിയത് ടൂറിസം മന്ത്രി സിപി യോഗേശ്വര്‍, ഹബ്ബലി-ധാര്‍വാഡ് വെസ്റ്റ് എംഎല്‍എ അരവിന്ദ് ബെല്ലാഡ് എന്നിവര്‍ പുറത്തേക്ക് പോകുമെന്നാണ് സൂചന. ഇവരെ മാറ്റണമെന്ന യെഡിയൂരപ്പയുടെ വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. യെഡിയൂരപ്പയുടെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും അദ്ദേഹത്തിനെതിരാണ് എംഎല്‍എമാരെന്നുമാണ് ഇവര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. പക്ഷേ കേന്ദ്ര നേതൃത്വം ഇവരെ തന്നെ വെട്ടാനാണ് ഒരുങ്ങുന്നത്.

യെഡിയൂരപ്പ സൂപ്പര്‍ സ്‌ട്രോംഗ്
ലിംഗായത്ത് നേതാവാണെന്ന യെഡിയൂരപ്പയുടെ കരുത്താണ് ഒരിക്കല്‍ കൂടി പ്രകടമായിരിക്കുന്നത്. 75 കഴിഞ്ഞിട്ടും അദ്ദേഹം തുടരുന്നത് ആ കരുത്തിലാണ്. യെഡിയൂരപ്പ പോയാല്‍ മറ്റ് കരുത്തരായ നേതാക്കള്‍ ബിജെപിക്കില്ല. യെഡിയെ തൊട്ടാല്‍ അതോടെ ബിജെപി കര്‍ണാടകത്തില്‍ അവസാനിക്കും. വിമതരെ വെട്ടിനിരത്തുക എന്ന ഓപ്ഷന്‍ മാത്രമാണ് ഇപ്പോള്‍ അമിത് ഷായ്ക്ക് മുന്നിലുള്ളത്. യെഡിയൂരപ്പയെ മാറ്റാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും അമിത് ഷായാണ്.

പകുതി പേര്‍ പുറത്താകും
മന്ത്രിസഭാ പുനസംഘടന കൊണ്ടുവരാനാണ് ബിജെപി ഹൈക്കമാന്‍ഡ് തീരുമാനം. ഇതിനായി യെഡിയൂരപ്പയുടെ സമ്മര്‍ദവുമുണ്ട്. പകുതിയോളം മന്ത്രിമാര്‍ പുറത്താവുമെന്നാണ് സൂചന. പരസ്യമായി വിമത ഭീഷണി ഉയര്‍ത്തിയ ആരും മന്ത്രിസഭയിലുണ്ടാവില്ല. 2023 തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ പൂര്‍ണമായും യെഡിയൂരപ്പയുടെ കീഴിലേക്കാണ് കൊണ്ടുവരുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും വന്നവര്‍ക്കാണ് കൂടുതല്‍ മന്ത്രിസ്ഥാനം നഷ്ടമാകുക.

പ്രവര്‍ത്തിക്കാത്ത മന്ത്രിമാര്‍ വേണ്ട
പാര്‍ട്ടിയിലോ പ്രവര്‍ത്തനത്തിലോ സജീവമല്ലാത്ത മന്ത്രിമാരെയാണ് മാറ്റാന്‍ ഒരുങ്ങുന്നത്. പകരം പാര്‍ട്ടിയുടെ അടുപ്പക്കാര്‍ ഇടംപിടിക്കും. കൊവിഡ് മാറുന്ന സാഹചര്യത്തിനനുസരിച്ച് കൂടുതല്‍ രാഷ്ട്രീയമായ പ്ലാനുകള്‍ യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കൊവിഡിന്റെ മറവില്‍ പലരും അഴിമതിക്കാരായി മാറിയിട്ടുണ്ട്. ഇവരെയാണ് നോട്ടിമിട്ടിരിക്കുന്നത്. ഇവരും പുറത്താവും. ഇതില്‍ യെഡിയൂരപ്പയുടെ അടുപ്പക്കാരുമുണ്ടാവും. പക്ഷേ രാഷ്ട്രീയ വിജയം യെഡിയൂരപ്പയ്ക്ക് തന്നെയാണ്.

മകന്റെ വിജയം
യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയുടെ വിജയം കൂടിയാണിത്. മുതിര്‍ന്ന എംഎല്‍െ ബസനഗൗഡ പാട്ടീല്‍ യത്‌ന നേരത്തെ വിജയേന്ദ്രയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിജയേന്ദ്ര അമിത് ഷായ്ക്ക് ഇവരെ കുറിച്ച് കത്തെഴുതി. ദേശീയ നേതൃത്വം വിജയേന്ദ്രയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. യോഗ്വേശ്വറിനെയും പാട്ടീലിനെയും നിലയ്ക്ക് നിര്‍ത്തുമെന്ന് ഉറപ്പാണ്. യോഗേശ്വറിന് മന്ത്രിസ്ഥാനം നഷ്ടമാവും. യെഡിയൂരപ്പയെ മാറ്റിയാല്‍ വലിയൊരു വിഭാഗം എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം പോകുമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications