കോണ്‍ഗ്രസിനേക്കാള്‍ ഏഴിരട്ടി അധികം..! ബി ജെ പിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ചത് ഇത്ര
ന്യൂഡല്‍ഹി: 2022-23 ല്‍ ബി ജെ പിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ചത് ഏകദേശം 1300 കോടി രൂപ. പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന് ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ ഏഴിരട്ടി കൂടുതലാണ് ഇത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബി ജെ പിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. അതില്‍ 61 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച പാര്‍ട്ടിയുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍, പാര്‍ട്ടിയുടെ മൊത്തം സംഭാവനകള്‍ 1775 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1917 കോടി രൂപയായിരുന്ന പാര്‍ട്ടിയുടെ മൊത്തം വരുമാനം 2022-23ല്‍ 2360.8 കോടി രൂപയായി ഉയര്‍ന്നു. അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 236 കോടി രൂപയായിരുന്ന ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിന് 171 കോടി രൂപ ലഭിച്ചു.

ബിജെപിയും കോണ്‍ഗ്രസും അംഗീകൃത ദേശീയ പാര്‍ട്ടികളാണ്. അംഗീകൃത സംസ്ഥാന പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി 2021-22 ല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 3.2 കോടി രൂപ സമഹാരിച്ചിരുന്നു. എന്നാല്‍ 2022-23 ല്‍ ഈ ബോണ്ടുകളില്‍ നിന്ന് എസ് പിക്ക് സംഭാവനകളൊന്നും ലഭിച്ചില്ല. മറ്റൊരു സംസ്ഥാന അംഗീകൃത പാര്‍ട്ടിയായ ടി ഡി പി 2022-23ല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 34 കോടി രൂപ സമ്പാദിച്ചു.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 10 മടങ്ങാണ് ടി ഡി പിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി വര്‍ധിച്ചത്. 2021-22 ല്‍ 135 കോടി രൂപയായിരുന്ന ബി ജെ പി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പലിശയിനത്തില്‍ 237 കോടി രൂപ സമ്പാദിച്ചു. തിരഞ്ഞെടുപ്പിനും പൊതുപ്രചാരണത്തിനും ഉള്ള മൊത്തം ചെലവില്‍ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഉപയോഗത്തിനായി ബി ജെ പി നല്‍കിയത് 78.2 കോടി രൂപയാണ്.
ഇത് 2021-22 ല്‍ 117.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. 2021-22 ലെ 146.4 കോടി രൂപയില്‍ നിന്ന് 76.5 കോടി രൂപയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായമായി നല്‍കി. 'മൊത്തം പേയ്മെന്റുകള്‍' എന്ന തലക്കെട്ടിലാണ് പാര്‍ട്ടി ഈ സഹായം കാണിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി ജെ പിക്ക് മറ്റ് പാര്‍ട്ടികള്‍ക്ക് ഇരട്ടിയിലധികം തുകയാണ് ലഭിക്കാറുള്ളത്.












Click it and Unblock the Notifications