ജയ്പൂരില്‍ ഞെട്ടിച്ച് ബിജെപി, കോണ്‍ഗ്രസ് വിമതയെ കൂട്ടി ഭരണം പിടിച്ചു, വോട്ട് വ്യത്യാസം ഞെട്ടിക്കും
ജയ്പൂര്‍: രാജസ്ഥാനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിനെ അമ്പരപ്പിച്ച് ബിജെപി. ജയ്പൂര്‍ സിലാ പരിഷത്തില്‍ ഭരണം പിടിച്ചിരിക്കുകയാണ് ബിജെപി. ഇവിടെ കോണ്‍ഗ്രസ് മുന്നിലായിരുന്നു. കോണ്‍ഗ്രസ് വിമതയെ കൂട്ടിയാണ് ബിജെപി ഭരണം പിടിച്ചത്. രണ്ട് പേര്‍ ക്രോസ് വോട്ടിംഗും നടത്തി. ഇതോടെ ഒരു വോട്ടിനാണ് ബിജെപി ജയ്പൂര്‍ സിലാ പരിഷത്തില്‍ അധികാരം പിടിച്ചത്. ആറ് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ മുന്നേറ്റം തന്നെ പ്രകടമായ തിരഞ്ഞെടുപ്പായിരുന്നു രാജസ്ഥാനില്‍ നടന്നത്. ജയ്പൂരിലെ ജയം ബിജെപി പോലും പ്രതീക്ഷിക്കാത്തതാണ്. അതേസമയം നേതാക്കള്‍ കൂറുമാറിയത് കോണ്‍ഗ്രസ് ക്യാമ്പിനെയും ഞെട്ടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് സിലാ പ്രമുഖ സ്ഥാനത്തേക്ക് മത്സരിപ്പിക്കാതിരുന്ന രമാദേവിയാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ ബിജെപി സിലാ പ്രമുഖ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. രമാദേവി വിജയിക്കുകയും ചെയ്തു. വിജയിക്കുകയും ചെയ്തു. സിലാ പ്രമുഖ് സ്ഥാനത്തേക്ക് അവര്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ ഇതേ മൂന്ന് വീതം സിലാ പരിഷത്തുകളില്‍ ഭരണം പിടിക്കാനും ബിജെപിക്ക് സാധിച്ചു. രമാദേവിക്ക് 26 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ സരോജദേവിയെ ഒരു വോട്ടിനാണ് അവര്‍ പരാജയപ്പെടുത്തിയത്. 78 പഞ്ചായത്ത് സമിതികളിലേക്കും ആറ് സിലാ പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കോണ്‍ഗ്രസിന് അഭിപ്രായഭിന്നതകളെ ഇല്ലാതാക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. കോണ്‍ഗ്രസ് നേരത്തെ രമാദേവിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതോടെ സിലാ പ്രമുഖ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിത്വവും ലഭിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ശേഷം പിന്നില്‍ നിന്ന് കുത്തുകയാണ് രമാദേവി ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞു. നേരായ മാര്‍ഗത്തിലൂടെയല്ല ബിജെപി ബോര്‍ഡ് രൂപീകരിച്ചതെന്നും ദൊത്താസര പറഞ്ഞു. ആറില്‍ നാല് സിലാ പരിഷത്തിലും കോണ്‍ഗ്രസിനാണ് ഭൂരിപക്ഷം. ഒരേയൊരു പഞ്ചായത്തില്‍ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം ബിജെപിക്കുള്ളതെന്നും ദൊത്താസര പറഞ്ഞു.
ബിജെപിക്ക് ഒരു പഞ്ചായത്തില്‍ ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുണ്ട്. എന്നാല്‍ കണക്കുകളും ന്യായങ്ങളെയും കാറ്റില്‍പ്പറത്തി ബിജെപി മൂന്ന് ബോര്‍ഡുകളില്‍ ഭരണം പിടിച്ചു. ഇത് കോണ്‍ഗ്രസിന്റെ പിന്നില്‍ നിന്ന് കുത്തിയിട്ടാണെന്നും ദൊത്താസര തുറന്നടിച്ചു. 78 പഞ്ചായത്ത് സമിതികളില്‍ 50 എണ്ണത്തിലും അധ്യക്ഷന്മാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. ബിജെപിക്ക് 25 പേരാണ് ഉള്ളത്. ബാക്കിയുള്ളത് സ്വതന്ത്രരാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് കളിച്ചതിന്റെ ഫലമാണ് ജയ്പൂര്‍ സിലാ പരിഷത്തില്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയാണ് ബിജെപി അധികാരം പിടിക്കുന്നത്. അവര്‍ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നടന്നത് ഇത് തന്നെയാണ്. എന്നാല്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല. പകരം അവര്‍ ജയ്പൂര്‍ സിലാ പരിഷത്തില്‍ അതേ തന്ത്രം ഉപയോഗിച്ചിരിക്കുകയാണ്. വഞ്ചനയിലൂടെയാണ് അവര്‍ അധികാരം പിടിച്ചത്. ബിജെപിയല്ല ഇവിടെ ജയിച്ചത്. ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയ ചതിയാണ് വിജയിച്ചതെന്നും ദൊത്താസര പറഞ്ഞു. 17ാം നമ്പര്‍ വാര്‍ഡില്‍ നിന്നാണ് രമാദേവി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. സിലാ പ്രമുഖ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് രമാദേവി ബിജെപിയില്‍ ചേരുകയായിരുന്നു.
കോണ്‍ഗ്രസിന്റെ പ്രമുഖ എംഎല്‍എ വേദ്പ്രകാശ് സോളങ്കിയുടെ മണ്ഡലത്തില്‍ വരുന്ന വാര്‍ഡാണ് രമാദേവിയുടേത്. സോളങ്കി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തന്‍ കൂടിയാണ്. സച്ചിന്റെ പിന്തുണയും ഇതിനുണ്ടെന്ന് കരുതേണ്ടി വരും. അടുത്ത ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് രമാദേവിയെ പുറത്താക്കിയിരിക്കുകയാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രെയിലറാണ് ഇപ്പോള്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. ബിജെപി സിരോഹി സിലാ പഞ്ചായത്തിലാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. ഭരത്പൂരില്‍ സ്വതന്ത്രരുടെ സഹായത്തോടെയാണ് ഭൂരിപക്ഷം നേടിയത്. ജോധ്പൂര്‍, സവായ്മധോപൂര്‍, ദൗസ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത്.












Click it and Unblock the Notifications