120 സീറ്റില്‍ കൂടുതല്‍ നല്‍കില്ല, ശിവസേന ബിജെപി സഖ്യത്തില്‍ വിള്ളല്‍, അമിത് ഷായുടെ തീരുമാനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം വേണോ എന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ അമിത് ഷാ. സംസ്ഥാനത്ത് ഇതുവരെ എത്ര സീറ്റില്‍ ഇരു പാര്‍ട്ടികളും മത്സരിക്കണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. എത്രയും പെട്ടെന്ന് ഇത് പരിഹരിച്ചിട്ടില്ലെങ്കില് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ ശിവസേന നല്‍കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ സഖ്യത്തില്‍ നിര്‍ണായക തീരുമാനത്തിന് ഇന്ന് ദില്ലിയില്‍ ചര്‍ച്ച നടക്കും. ദേവേന്ദ്ര ഫട്നാവിസും സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും തമ്മിലുള്ള പ്രശ്നമാണ് ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത്.
അമിത് ഷായും ജെപി നദ്ദയും തമ്മിലുള്ള യോഗത്തിലേക്ക് ഫട്നാവിസിനെയും പാട്ടീലിനെയും ക്ഷണിച്ചിട്ടുണ്ട്. പങ്കജ മുണ്ടെ, സുധീര്‍ മുംഗന്തിവാര്, ഗിരീഷ് മഹാജന് എന്നിവരോടും യോഗത്തിനെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയുമായി സഖ്യമാകാമെന്ന് ഫട്നാവിസ് നേരത്തെ തന്നെ അമിത് ഷായെ അറിയിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്നത് കൊണ്ട് സേനയുമായി സഖ്യം വേണ്ടെന്നാണ് ചന്ദ്രകാന്ത് പാട്ടീലിന്റെ നിലപാട്.
അതേസമയം സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന ഭയം ഫട്നാവിസിനുണ്ട്. എന്നാല്‍ സഖ്യമില്ലാതെ ബിജെപി പരാജയപ്പെട്ടാല്‍ ഫട്നാവിസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാമെന്ന ലക്ഷ്യമാണ് ചന്ദ്രകാന്ത് പാട്ടീലിനുള്ളത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ തര്‍ക്കമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. അമിത് ഷായും നദ്ദയും ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
ശിവസേനയ്ക്ക് 110 സീറ്റില്‍ അധികം നല്കാന് ബിജെപിക്ക് താല്പര്യമില്ല. പരമാവധി 120 സീറ്റാണ് ബിജെപി നല്കാന് തയ്യാറുള്ളത്. എന്നാല്‍ സീറ്റുകള്‍ തുല്യമായി വീതിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അതുകൊണ്ട് 120 സീറ്റില്‍ കൂടുതല്‍ ചോദിച്ചാല്‍ സഖ്യം ഉണ്ടാവില്ലെന്നാണ് സൂചന. നേരത്തെ ഉദ്ധവ് താക്കറെയുമായി ഫട്നാവിസ് വേദി പങ്കിട്ടപ്പോള്‍ സഖ്യം ഉണ്ടാവുമെന്ന സൂചനയാണ് നല്‍കിയത്. സഖ്യം പൊളിക്കാന്‍ ശിവസേനയ്ക്കും താല്പര്യമില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ തിരിച്ചടി ഉണ്ടാവുമെന്ന ഭയമാണ് ഇതിന് പ്രധാന കാരണം.
വി ആര് പ്രൗഡ് ഓഫ് യൂ.... ഹൗഡി മോദിയില്‍ സ്വാഗത ഗാനം പാടി കുട്ടനാട്ടുകാരി, കേരളത്തിന് അഭിമാനം