സമരങ്ങളിൽ പുകഞ്ഞ് ഗുജറാത്ത്, മുതലെടുത്ത് ആം ആദ്മി'; നട്ടം തിരിഞ്ഞ് ബിജെപി
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ വിവിധ ആവശ്യങ്ങളുയർത്തി സംഘടനകൾ നടത്തുന്ന സമരങ്ങളിൽ നട്ടം തിരഞ്ഞെ് ബി ജെ പി. തിരഞ്ഞെടുപ്പ് അടുത്തതോടെ തൊഴിലാളി, കർഷക സംഘടനകളാണ് സമരം കടുപ്പിച്ചിരിക്കുന്നത്. ഈ സമരങ്ങൾക്ക് പിന്തുണയുമായി ആം ആദ്മി കൂടി രംഗത്തിറങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി നേതൃത്വം.

സർക്കാർ ജീവനക്കാർ, കർഷക സംഘടനകൾ,മുൻ സൈനികർ, ആശാ വർക്കർമാർ തുടങ്ങിയ വിവിധ സംഘടനകളാണ് ആവശ്യങ്ങളുമായി സമരമുഖത്ത് ഉള്ളത്. തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ സമര പരമ്പരകൾ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മന്ത്രിമാരെ ഉൾപ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിച്ചെങ്കിലും പ്രശ്ന പരിഹാരം സാധ്യമായിട്ടില്ല. അതിനിടയിൽ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മിയുടേയും കോൺഗ്രസിന്റേയും രംഗ പ്രവേശവും ബി ജെ പിയുടെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിയിരിക്കുകയാണെന്ന് അഹമ്മദാബാദിൽ നിന്നുള്ള മാധ്യമപ്രവർത്തകനായ ആർകെ മിശ്രയുടെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഗ്രേഡ്-പേ പരിഷ്കരണത്തിനായി പോലീസിലെ ഒരു വിഭാഗം കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമരത്തിലായിരുന്നു. സർക്കാർ നിലപാട് കടുപ്പിച്ചതോടെ സമരക്കാർ നിലപാട് കടുപ്പിച്ചു. തുടർന്ന് 10 ഓളം പോലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മാത്രമല്ല 29 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും ആവശ്യങ്ങൾ പഠിക്കാൻ അഞ്ചംഗ സമിതിയെ സർക്കാർ നിയോഗിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് ആം ആദ്മി സർക്കാർ അധികാരത്തിലേറിയാൽ പോലീസിന് മികച്ച ശമ്പള സ്കെയിലുകൾ ഉറപ്പാക്കുമെന്ന് അരവിന്ദ് കെജരിവാൾ വാഗ്ദാനം ചെയ്തിരുന്നു.ഇതോടെ വെട്ടിലായ ബി ജെ പി 4 ദിവസങ്ങൾക്ക് ശേഷം 550 കോടി പാക്കേജാണ് പോലീസുകാർക്കായി പ്രഖ്യാപിച്ചത്.

ഗ്രാമവികസന പദ്ധതികളുടെ താഴെ തട്ടിലെ നടത്തിപ്പുകാരായ പട്വാരികൾ അലവൻസ് കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിലും ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി അഞ്ചംഗ മന്ത്രിമാർ ഉൾപ്പെടുന്ന സമിതിയെ സർക്കാർ നിയോഗിക്കുകയും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഏഴാം ശമ്പള കമ്മീഷൻ കുടിശ്ശിക നൽകാനും 2005 ഏപ്രിലിന് മുമ്പ് ചേർന്ന എല്ലാവരെയും പഴയ പെൻഷൻ പദ്ധതിക്കും ഗവൺമെന്റ് പ്രൊവിഡന്റ് ഫണ്ടിനും (ജിപിഎഫ്) കീഴിലും കൊണ്ടുവരാനും സർക്കാർ സമ്മതിക്കുകയും ചെയ്തു.

ഇത്തരത്തിൽ പല സമരങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി രംഗത്തെത്തിയതോടെ നിലപാടുകളിൽ മയപ്പെടുത്താൻ നിർബന്ധിതരായികുകയാണ് ബിജെപിയെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സമരങ്ങൾക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വേഗത്തിലാക്കാനുള്ള നീക്കങ്ങളും അണിയറയിൽ ബി ജെ പി നടത്തുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. ഈ വർഷം ഡിസംബറിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നവംബറിൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ബിജെപി പരിശോധിക്കുന്നത്..

ഭരണവിരുദ്ധ വികാരം മറികടക്കുകയെന്ന ലക്ഷ്യത്തോടെ വിജയ് രൂപാണി സർക്കാരിനെ മാറ്റുകയും പട്ടേൽ വിഭാഗക്കാരമായ ഭൂപേന്ദ്രഭായ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത നടപടിയും വലിയ രീതിയിൽ പാർട്ടിക്ക് ഗുണകരമായില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യം മറികടക്കാൻ നരേന്ദ്ര മോദിയെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാണ് കേന്ദ്രനേതൃത്വം ഒരുങ്ങുന്നത്. ഒപ്പം കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ടിങ്ങളി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications