രാഹുൽ ഗാന്ധിയുടെ വിവാഹ ചെലവ് ഏറ്റെടുക്കുമെന്ന് ബിജെപി; മുഖമടച്ച മറുപടിയുമായി കോൺഗ്രസ്
ഭോപ്പാൽ; കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയുടെ ചെലവ് വഹിക്കാമെന്ന കോൺഗ്രസ് പ്രഖ്യാപനം ബിജെപിയുടെ മുഖത്തേറ്റ ഏറ്റവും വലിയ അടിയായിരുന്നു. തൊഴിലാളികളുടെ മടക്ക യാത്ര സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലായിരുന്നു ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് സോണിയ ഗാന്ധി പ്രഖ്യാപനം നടത്തിയത്.
കോൺഗ്രസിന്റെ ഈ നീക്കം ബിജെപിയുടെ മർമ്മത്തിൽ തന്നെയാണ് കൊണ്ടതെന്നത് പാർട്ടി നേതാക്കളുടെ പ്രതികരങ്ങളിൽ നിന്ന് തന്നെ വ്യക്തമാകും.ഏറ്റവും ഒടുവിലായി രാഹുൽ ഗാന്ധിയുടെ വിവാഹ ചെവവ് ഏറ്റെടുക്കാമെന്ന് പരിഹസിച്ച് കോൺഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.

രാഹുൽ ഗാന്ധിയുടെ വിവാഹം
മധ്യപ്രദേശിൽ നിന്നുള്ള നേതാക്കളാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെതിയത്. രാഹുൽ ഗാന്ധിയുടെ വിവാഹം നടന്നാൽ അതിന്റെ പൂർണ ചെലവും ഏറ്റെടുക്കുമെന്നായിരുന്നു മധ്യപ്രദേശ് ബിജെപി വക്താവ് രാഹുൽ കൊതാരി ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ വിവാഹം നടക്കുകയാണെങ്കിൽ തങ്ങളെ അറിയിക്കൂ. വിവാഹത്തിന്റെ മുഴുവൻ ചെലവും യുവമോർച്ച വഹിക്കും, കോതാരി ട്വീറ്റ് ചെയ്തു. കൊതാരിയുടെ ട്വീറ്റ് ഏറ്റുപിടിച്ച് യുവ മോർച്ച നേതാവും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനുമായ ദേവേന്ദ്ര തോമർ രംഗത്തെത്തി.

21000 രൂപ
രാഹുൽ ഗാന്ധിയുടെ വിവാഹത്തിന് 21000 രൂപ താൻ ചെലവഴിക്കുമെന്നായിരുന്നു തോമറിന്റെ ട്വീറ്റ്. അതേസമയം ബിജെപി നേതാക്കളുടെ ട്വീറ്റിന് ചുട്ടമറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. ആദ്യം നിങ്ങളുടെ പാർട്ടിയിലെ വിവാഹം കഴിക്കാത്ത നേതാക്കളുടെ കാര്യം തിരുമാനമാക്കൂവെന്ന് കോൺഗ്രസ് വക്താവ് സയിദ് സഫർ മറുപടി നൽകി.

മറുപടിയുമായി കോൺഗ്രസ്
ആദ്യം ബിജെപിയിൽ വിവാഹം കഴിക്കാത്ത നേതാക്കളെ വിവാഹം കഴിപ്പിക്കൂ. അതിന് പണം ആവശ്യമായി വരികയാണെങ്കിൽ പറഞ്ഞാൽ മതി. അത് നൽകാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാണെന്നും സയിദ് സഫർ മറുപടി നൽകി.

ജീവിത സഖി
പലപ്പോഴും രാഹുൽ ഗാന്ധിയുടെ വിവാഹം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കാറുണ്ട്. പലപ്പോഴും വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടികൾ രാഹുൽ നൽകാറുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഹൈദരാബാദില്‍ വെച്ച് രാഹുല്‍ ഗാന്ധിയോട് പങ്കാളിയെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. 'ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ജീവിതസഖിയായി തിരഞ്ഞെടുത്തു കഴിഞ്ഞു. തല്‍ക്കാലം വേറൊരു വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ല.' രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്.












Click it and Unblock the Notifications