ബിജെപിക്കൊപ്പമുള്ളവര്‍ക്ക് മാത്രം വികസനം മതി, ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണം; സുവേന്ദു അധികാരി
കൊല്‍ക്കത്ത: ബി ജെ പിയുടെ ന്യൂനപക്ഷ വിഭാഗമായ ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണം എന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബി ജെ പി നേതാവുമായ സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം നിര്‍ത്തേണ്ട സമയമാണിത് എന്നും സുവേന്ദു അധികാരി പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭ തിരഞ്ഞെടുപ്പിലെയും നാല് നിയമസഭാ സീറ്റുകൡലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലേയും മോശം പ്രകടനത്തെ തുടര്‍ന്ന് പാര്‍ട്ടിക്ക് ഇനി മുന്നേറാന്‍ 'ജോ ഹമാരേ സാത്ത്, ഹം ഉന്‍കെ സാത്ത്' (ആരാണോ നമുക്കൊപ്പമുള്ളത, ങ്ങള്‍ അവര്‍ക്കൊപ്പമാണ്) എന്ന പുതിയ മുദ്രാവാക്യം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ഇനി നമുക്ക് ആവശ്യമില്ല എന്നും സുവേന്ദു അധികാരി പറഞ്ഞു.

'ഞാന്‍ ദേശീയ മുസ്ലീങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. നിങ്ങളും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി ഞാന്‍ ഇതൊന്നും പറയില്ല. പകരം ആരാണോ നമ്മളോടൊപ്പമുള്ളത് അവര്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് വേണം പറയാന്‍,' സുവേന്ദു അധികാരി വ്യക്തമാക്കി. ജാതി-മത ഭേദമന്യേ എല്ലാ ഇന്ത്യക്കാരുടെയും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ല്‍ ആണ് നരേന്ദ്ര മോദി 'സബ്കാ സാത്ത്, സബ്കാ വികാസ്' മുദ്രാവാക്യം മുന്നോട്ട് വെച്ചത്.
ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 30 സീറ്റുകള്‍ നേടുകയെന്ന ബി ജെ പിയുടെ ലക്ഷ്യത്തിന് ന്യൂനപക്ഷ സമുദായം വലിയ തടസമായി ഉയര്‍ന്നുവെന്നാണ് വോട്ടിംഗ് പാറ്റേണുകള്‍ വിശകലനം ചെയ്ത് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് സുവേന്ദുവിന്റെ പരാമര്‍ശം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടിയ ബി ജെ പിക്ക് ഇത്തവണ 12 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് ആരോപിക്കപ്പെടുന്ന വോട്ടര്‍മാര്‍ക്ക് പരാതികള്‍ രേഖപ്പെടുത്തുന്നതിനായി നന്ദിഗ്രാം എംഎല്‍എ കൂടിയായി സുവേന്ദു അധികാരി ഒരു പോര്‍ട്ടല്‍ ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 50 ലക്ഷത്തോളം ഹിന്ദുക്കളെയും സംസ്ഥാനത്ത് നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളില്‍ 2 ലക്ഷത്തിലധികം ഹിന്ദുക്കളെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല എന്ന് സുവേന്ദു അധികാരി ആരോപിക്കുന്നു.
ബിജെപിയുടെ സംഘടനാപരവും നേതൃത്വപരവുമായ പരാജയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ ഹിന്ദുക്കളെയും ഭരണഘടനയെയും രക്ഷിക്കാനുള്ള സമയമാണിത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ ഒന്നിക്കണം എന്ന മുദ്രാവാക്യത്തോടെയാണ് അധികാരി സംസാരിച്ച് തുടങ്ങിയത്.
''നിങ്ങള്‍ക്ക് ഇവിടെ മഷി അടയാളം കാണാം. 2026 ല്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ ഹിന്ദുവായതിനാല്‍ എന്നെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല. നൂറുകണക്കിന് ജിഹാദികള്‍ എന്റെ വീടിന് പുറത്ത് തമ്പടിക്കുകയും പോലീസ് കാഴ്ചക്കാരായി തുടരുകയും ചെയ്യും, ''ഒരു ഘട്ടത്തില്‍ സദസിനു നേരെ വിരല്‍ ഉയര്‍ത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. വലിയ പ്രതിബന്ധങ്ങള്‍ക്കിടയിലും ഈ ലോക്സഭയില്‍ ഞങ്ങള്‍ക്ക് 2.33 കോടി വോട്ടുകള്‍ ലഭിച്ചു.
21 സീറ്റ് നേടാമായിരുന്നെങ്കില്‍ ഞങ്ങള്‍ സന്തോഷിച്ചേനെ. കൂച്ച് ബിഹാറും അരാംബാഗും മിഡ്നാപ്പൂരും നഷ്ടപ്പെടുമെന്ന് ആരും കരുതിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഭാംഗോറില്‍ നാല് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലെ വോട്ടര്‍മാരെ പോളിംഗ് ദിവസം വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ബസന്തി എക്സ്പ്രസ് വേ മറന്നേക്കൂ, ആ ഭാഗം ഇസ്ലാമാബാദായി മാറിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
മണിക്തലയില്‍ 11 ഭവന സമുച്ചയങ്ങളിലെ വോട്ടര്‍മാരെ അകത്ത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഗുണ്ടകളെ പോളിംഗ് നടന്ന സ്ഥലങ്ങളിലേക്ക് അയച്ച് വോട്ട് കൊള്ളയടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപിയുടെ ബംഗാള്‍ പ്രഭാരി സുനില്‍ ബന്‍സലുമായി സംഘടനാപരമായ പാളിച്ചകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അധികാരി പറഞ്ഞു.
പിന്‍വാതില്‍ ഉപയോഗിച്ച് അധികാരത്തില്‍ വരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. ബംഗാളിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും അതനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുകയും വേണം. അല്ലാത്തപക്ഷം ജനാധിപത്യത്തെയും ഭരണകൂടത്തെയും രക്ഷിക്കാന്‍ നമുക്കാവില്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications