ഐഎസ്‌ഐഎസ് കശ്മീരില്‍ നിന്നും വധഭീഷണിയെന്ന് ഗൗതം ഗംഭീര്‍, വീടിന് സുരക്ഷ ശക്തമാക്കി
ദില്ലി: ഐഎസ്‌ഐഎസ് കശ്മീരില്‍ നിന്നും ഭീഷണിയുളളതായി പരാതി നല്‍കി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ചൊവ്വാഴ്ച രാത്രി ഗൗതം ഗംഭീര്‍ ദില്ലി പോലീസിന് പരാതി നല്‍കി. ഐഎസ്‌ഐഎസ് കശ്മീരില്‍ നിന്നും വധഭീഷണി ലഭിച്ചതായാണ് പരാതി. ഗൗതം ഗംഭീറിന്റെ പരാതിയില്‍ പോലീസ് നടപടി ആരംഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും ഡിസിപി ശ്വേത ചൗഹാന്‍ വ്യക്തമാക്കി.
തീവ്രവാദ സംഘടനയില്‍ നിന്നും വധഭീഷണി ലഭിച്ചതിന് പിന്നാലെ ഗൗതം ഗംഭീറിന്റെ ദില്ലി രാജേന്ദ്ര നഗറിലെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇമെയിലുകള്‍ വഴിയാണ് ഗൗതം ഗംഭീറിന് വധഭീഷണികള്‍ ലഭിച്ചിരിക്കുന്നത്. പോലീസ് ഈ മെയിലുകള്‍ പരിശോധിക്കുന്നുണ്ട്. ഏത് അഡ്രസില്‍ നിന്നാണ് മെയിലുകള്‍ വന്നിരിക്കുന്നത് എന്നത് അടക്കമുളള കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടക്കും.

സൈബര്‍ സെല്ലിനെ കൂടാതെ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും ഗൗതം ഗംഭീറിന്റെ പരാതി അന്വേഷിക്കുന്നുണ്ട്. എംപിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭീഷണിയുടെ ഉറവിടം കണ്ടെത്താനുളള ശ്രമം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും ദില്ലി പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഈസ്റ്റ് ദില്ലിയില്‍ നിന്നുളള ബിജെപി എംപിയാണ് ഗൗതം ഗംഭീര്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഗൗതം ഗംഭീര്‍ മത്സരിച്ച് വിജയിച്ചത്. 15 വര്‍ഷത്തോളം ഗംഭീര്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2018ല്‍ ക്രിക്കറ്റില്‍ നിന്നും ഗംഭീര്‍ വിരമിച്ചു. തുടര്‍ന്ന് ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമായിരുന്നു.












Click it and Unblock the Notifications