മുസ്ലീം സ്ത്രീകള്‍ സ്വന്തം സമുദായത്തില്‍ ചെരിപ്പുകള്‍ക്ക് സമമാണെന്ന് സാക്ഷി മഹാരാജ്
ദില്ലി: വിവാദ പരാമര്‍ശങ്ങളുമായി സ്ഥിരമായി മാധ്യമങ്ങളില്‍ ഇടംനേടുന്ന ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. പതിവുപോലെ ഇത്തവണയും മുസ്ലീം സമുദായത്തിനെതിരെയാണ് സാക്ഷി മഹാരാജിന്റെ പരാമര്‍ശം. മുസ്ലീം സ്ത്രീകള്‍ക്ക് സമുദായത്തില്‍ യാതൊരു വിലയും കല്‍പിക്കുന്നില്ലെന്ന് സാക്ഷി മഹാരാജ് പറയുന്നു.
മുസ്ലീം സ്ത്രീകളെ സ്വസമുദായം പാദരക്ഷകള്‍ക്ക് സമമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് സ്വാതന്ത്ര്യമില്ല. പള്ളികളിലും മറ്റും പോയി പ്രാര്‍ഥിക്കാന്‍ അവര്‍ക്ക് അവകാശവുമില്ല. മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ പള്ളികളില്‍ പോയി നമസ്‌കരിക്കുന്നതിനായി ജുഡീഷ്യല്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഫത്വയില്‍ അല്ലെന്നും എംപി പറഞ്ഞു.

രാജ്യത്തെ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം സാക്ഷി മഹാരാജ് മറ്റൊരു പ്രസംഗം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ ഹിന്ദു സ്ത്രീകളും കുറഞ്ഞത് 4 കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണമെന്നായിരുന്നു സാക്ഷി മഹാരാജിന്റെ ആവശ്യം. മുസ്ലീം ജനസംഖ്യ ഹിന്ദുക്കളുടേതിനേക്കാള്‍ വര്‍ധിക്കാതിരിക്കാനാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നാലു ഭാര്യമാരും 20 കുട്ടികളും രാജ്യത്ത് നടപ്പാവുകയില്ലെന്നും പ്രത്യേക മതത്തെ പരാമര്‍ശിക്കാതെ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മദ്രസകളില്‍ തീവ്രവാദം പരിശീലിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞും സാക്ഷി മഹാരാജ് നേരത്തെ വിവാദത്തിലായിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ പതിവായി നടത്തി മാധ്യമ ശ്രദ്ധ നേടുന്നതിലാണ് ഉന്നാവോ എംപിയുടെ ശ്രമം.












Click it and Unblock the Notifications