ഹാട്രിക് വിജയം ഉറപ്പിച്ച് ബിജെപി: ഡല്‍ഹിയിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയും തയ്യാറാകുന്നു
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ മൂന്നാമതും വിജയം ഉറപ്പിച്ചുകൊണ്ട് ബി ജെ പി വന്‍ ആഘോഷ പരിപാടികള്‍ക്ക് തയ്യാറെടുന്നു. ഭാരത് മണ്ഡപത്തിലോ കർത്തവ്യപഥിലോ വിജയാഘോഷ പരിപാടി നടത്താന്‍ ബി ജെ പി ആലോചന നടത്തുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച അവസാനത്തോടെ നടക്കാന്‍ സാധ്യതയുള്ള പരിപാടിയിലേക്ക് 8000 മുതല്‍ 10000 വരെ ആളുകളെ പങ്കെടുപ്പിക്കാനാണ് ബി ജെ പി നീക്കം.
ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ 'രാഷ്ട്രീയ പരിപാടി' ഭാരത് മണ്ഡപത്തിലോ കർത്തവ്യ പാതയിലോ നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്. " ശബ്ദ-പ്രകാശ പ്രദർശനത്തോടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ ഒരു പ്രദർശനമായി ഇതിനെ മാറ്റാനാണ് ഉദ്ധേശം. വിദേശ സംസ്ഥാന സർക്കാർ പ്രതിനിധികള്‍ ഉൾപ്പെടെ 8,000-10,000 ആളുകൾ പങ്കെടുക്കാൻ സാധ്യതയുണ്ട്." ബി ജെ പി വൃത്തങ്ങള്‍ പറയുന്നു.

നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒരു വലിയ സമ്മേളനത്തിന്റെ സാധ്യത ചർച്ച ചെയ്തിട്ടുണ്ട്. രാംലീല മൈതാനം, ചെങ്കോട്ട എന്നിവ മുതൽ ഭാരത് മണ്ഡപം, യശോഭൂമി കൺവെൻഷൻ സെൻ്റർ വരെയുള്ള വിവിധ സ്ഥലങ്ങൾ സമ്മേളനം നടത്താനായി പരിഗണനയിലുണ്ടെന്നും ബി ജെ പി നേതാവ് വ്യക്തമാക്കി.
അതേസമയം, വോട്ടെണ്ണലിന് മുന്നോടിയായി, രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി അലങ്കാര ഇൻഡോർ സസ്യങ്ങളും അലങ്കാര പുഷ്പങ്ങളും വിതരണം ചെയ്യുന്നതിനായി രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് മെയ് 28 ന് ടെൻഡർ നൽകിയിരുന്നു. 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡർ തിങ്കളാഴ്ച തുറക്കും. കരാർ പൂർത്തീകരിക്കാന്‍ അഞ്ച് ദിവസത്തെ സമയമാണ് കരാറുകാരന് ലഭിക്കുക.
കഴിഞ്ഞയാഴ്ചയോടെ തന്നെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) പരിപാടിക്കായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങ് കർത്തവ്യപഥില്‍ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ യാത്രക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് പോയിൻ്റുകളിലെ അവരുടെ വരവ്, തലസ്ഥാനത്തെ താമസം, സത്യപ്രതിജ്ഞ ചടങ്ങിലെ പങ്കാളിത്തം എന്നിവ സുഗമമാക്കുന്നതിന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications