'6 സീറ്റും പിടിക്കും';റായ്ബറേലിയിൽ കോൺഗ്രസിന്റെ അടിവേരിളക്കാൻ തന്ത്രം മെനഞ്ഞ് ബിജെപി
ലഖ്നൗ; 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകളായിരുന്നു. രാഹുൽ ഗാന്ധിയുടെ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ തട്ടകമായ അമേഠിയിൽ കോൺഗ്രസിന് കാലിടറി. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് കനത്ത തോൽവിയായിരുന്നു രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയത്.
2014ൽ പരാജയപ്പെട്ടെങ്കിൽ പിന്നീട് കേന്ദ്രമന്ത്രിയായി തിരിച്ചെത്തിയ സ്മൃതി ഇറാനി 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിച്ചതാണ് അവരുടെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം കോൺഗ്രസിന്റെ തട്ടകമായ റായ്ബറേലി സോണിയ ഗാന്ധി നിലനിർത്തി. ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏക ശക്തികേന്ദ്രത്തിൽ നിന്നും പാർട്ടിയെ നിലംപരിശാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളായിരുന്നു കോൺഗ്രസിന് ലഭിച്ചത്, റായ്ബറേലിയും ഹർചന്ദപൂറും. അതിഥി സിംഗും രാകേഷ് സിംഗുമായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ നിലവിൽ ഈ രണ്ട് പേരും കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന് കഴിഞ്ഞു. റായ്ബറേലി (സദർ), ഹർചന്ദ്പൂർ സീറ്റുകൾ കൂടാതെ നാല് നിയമസഭ സീറ്റ് കൂടി ലോക്സഭ മണ്ഡലത്തിൽ ഉണ്ട്. ബച്രവാൻ (സംവരണം), സരൈനി, ഉച്ചാഹർ, സലോൺ (സംവരണം).

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉച്ചാഹർ ഒഴിച്ച് മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്. ഉച്ചാഹറിൽ എസ് പിയും. അന്ന് സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യത്തിലാണ് എസ് പി മത്സരിച്ചത്. അതേസമയം ഇക്കുറി റായ്ബറേലി തങ്ങൾ തന്നെ നേടുമെന്ന് അവകാശപ്പെടുകയാണ് കോൺഗ്രസ് നേതാക്കൾ. മണ്ഡലത്തിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ അതൊക്കേയും യുപിഎ സർക്കാരിന്റെ കാലത്താണ് നടപ്പായതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

എന്നാൽ ഇക്കുറി മണ്ഡലത്തിൽ കോൺഗ്രസിന് നിലംതൊടാൻ പോലും സാധിക്കില്ലെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതികരണം. ഗാന്ധി കുടുംബവുമായി ഒരു കാലത്ത് പ്രാദേശിക ജനങ്ങൾക്ക് ഉണ്ടായിരുന്ന ബന്ധം കാലക്രമേണ ദുർബലമായെന്ന് ഹർചന്ദ്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായ രാകേഷ് സിംഗ് പറഞ്ഞു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ പ്രവർത്തനങ്ങളേയും അദ്ദേഹം തള്ളി കളഞ്ഞു. റായ്ബറേലിയിൽ പ്രിയങ്ക ഒരു ഘടകമേ അല്ല. അവർക്ക് മറ്റെവിടെയെങ്കിലും സാന്നിധ്യം ഉണ്ടായേക്കാം. പക്ഷേ തിരഞ്ഞെടുപ്പ് അവസരത്തിൽ അല്ലാതെ പ്രിയങ്ക മണ്ഡലം സന്ദർശിക്കാറില്ല.പ്രദേശത്ത് വികസനം നടപ്പാക്കുന്നതിലും ജനങ്ങളുമായുള്ള വൈകാരിക ബന്ധം നിലനിർത്തുന്നതിലും ഗാന്ധി കുടുംബം പരാജയപ്പെട്ടുവെന്നും രാകേഷ് സിംഗ് പറഞ്ഞു.
റായ്ബറേലിയിൽ തൻറെ പാർട്ടി കഠിനാധ്വാനം ചെയ്തു വരികയാണെന്നും ഓരോ തെരഞ്ഞെടുപ്പിലും ക്രമാനുഗതമായ പുരോഗതിയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രാം ദേവ് പാൽ പറഞ്ഞു. ഇത്തവണ ആറ് സീറ്റിലും വിജയിക്കും, അതിൽ സംശയമില്ല, രാം ദേവ് പാൽ പറഞ്ഞു.

2019 ൽ 1.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗിനെ പരാജയപ്പെടുത്തിയത്. എന്നാൽ 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു അത്. 2014ൽ 3.5 ലക്ഷം വോട്ടുകൾക്കും 2009ൽ 3.7 ലക്ഷം വോട്ടിനും 2004ൽ 2.4 ലക്ഷം വോട്ടിനുമായിരുന്നു സോണിയ ഗാന്ധി വിജയിച്ചത്. 2006ലെ ഉപതിരഞ്ഞെടുപ്പിൽ 4.1 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷവും സോണിയ നേടിയിരുന്നു.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications