തമിഴ്നാട്ടിൽ രണ്ടും കൽപ്പിച്ച് ബിജെപി, സ്വയം ചാട്ടയ്ക്കടിച്ച് അണ്ണാമലെ, 48 ദിവസത്തെ ഉപവാസത്തിന് തുടക്കം
ചെന്നൈ: തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനോടുളള പ്രതിഷേധ സൂചകമായി സ്വയം ചാട്ടവാറിനടിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. പ്രതിഷേധത്തിന്റെ വീഡിയോ വൈറലാവുകയാണ്. സ്റ്റാലിന്‍ സര്‍ക്കാരിനെതിര 48 ദിവസം നീളുന്ന ഉപവാസ സമരത്തിന് അണ്ണാമലെ ഇന്ന് തുടക്കം കുറിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.
ഡിഎംകെയുടെ തോല്‍വി ഉറപ്പാക്കുന്നത് വരെ ചെരിപ്പ് ധരിക്കില്ലെന്നും അണ്ണാമലെ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്‍ പ്രതിഷേധം പ്രഖ്യാപിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍എ പുറത്ത് വിട്ട വീഡിയോയില്‍ അണ്ണാമലെയെ ഷര്‍ട്ട് ധരിക്കാതെ പച്ച നിറത്തിലുളള ലുങ്കിയുടുത്താണ് കാണുന്നത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍ 6 തവണയാണ് സ്വന്തം ദേഹത്ത് ചാട്ട കൊണ്ട് അണ്ണാമലെ അടിക്കുന്നത്. ഏഴാമതും അടിക്കാന്‍ ശ്രമിക്കുമ്പോള്‍ അനുയായികളില്‍ ഒരാള്‍ വന്ന് തടയുന്നത് കാണാം.

തമിഴ് സംസ്‌ക്കാരം മനസ്സിലാകുന്ന ആര്‍ക്കും ഈ ചാട്ടയടി എന്താണെന്ന് മനസ്സിലാകുമെന്ന് പിന്നീട് അണ്ണാമലെ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വയം ചാട്ടവാറിനടിക്കുന്നതും സ്വയം ശിക്ഷിക്കുന്നതും ഈ സംസ്‌ക്കാരതിന്റെ ഭാഗമാണ്, അണ്ണാമലെ കൂട്ടിച്ചേര്‍ത്തു. ഈ പ്രതിഷേധം ഏതെങ്കിലും ഒരാള്‍ക്കെതിരെയോ ഒരു കാര്യത്തിന് എതിരെയോ അല്ല. സംസ്ഥാനത്ത് നിരന്തരമായി നടന്ന് കൊണ്ടിരിക്കുന്ന അനീതികള്‍ക്ക് എതിരെയാണ്.
അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സംഭവിച്ചത് ഒരു അറ്റം മാത്രമാണ്. കഴിഞ്ഞ മൂന്ന ്‌വര്‍ഷമായി സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാധാരണക്കാരായ മനുഷ്യര്‍ക്കും എതിരെ അനീതി മാത്രമാണ് നടന്ന് കൊണ്ടിരിക്കുന്നത്. സര്‍വ്വത്ര അഴിമതിയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന്റെ പാത തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. മുന്‍തലമുറയില്‍പ്പെട്ട പലരും ഈ പ്രതിഷേധ മാര്‍ഗം തിരഞ്ഞെടുത്തിട്ടുളളതാണ്, അണ്ണാമലെ പറഞ്ഞു.












Click it and Unblock the Notifications