തോറ്റാലും കൈവിടില്ല; മൗര്യയെ ഉപമുഖ്യമന്ത്രിയാക്കിയേക്കും..മൂന്നാം ഉപമുഖ്യമന്ത്രി ദളിത് നേതാവ്
ദില്ലി; ഉത്തർപ്രദേശിൽ മന്ത്രിസഭ സംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലേക്ക്. അടുത്ത മന്ത്രിസഭയിൽ ആരൊക്കെയെന്നത് സംബന്ധിച്ച് ഇതുവരെ അന്തിമ ചിത്രം തെളിഞ്ഞിട്ടില്ല. അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ ഉപമുഖ്യമന്ത്രി കൂടിയായ കേശവ് പ്രസാദ് മൗര്യയ്ക്ക് ഇത്തവണ അവസരം ലഭിച്ചേക്കുമോയെന്നുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഇക്കുറി വീണ്ടും അവസരം നൽകിയതോടെ മൗര്യയുടെ സാധ്യത ഉയർന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം മൗര്യയെ കൂടാതെ ദിനേഷ് ശർമ്മയേയും ബി ജെ പി നേതൃത്വം നിർത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയായി ഒരു ദളിത് നേതാവിന് അവസരം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

മൗര്യയെ നിലനിർത്തുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. എന്നാൽ ശർമ്മയ്ക്ക് പകരം മറ്റൊരു ബ്രാഹ്മണ മുഖത്തെ നിയമിച്ചേക്കാം. ബ്രജേഷ് പതക്കിന്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് വിവരം. മാർച്ച് 24 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

മൂന്നാം ഉപമുഖ്യമന്ത്രിയായി ദളിത് വേതാവും ഉത്തരാഖണ്ഡ് മുൻ ഗവർണറുമായ ബേബി റാണി മൗര്യയെ പരിഗണിച്ചേക്കും. ആഗ്ര റൂറലിൽ നിന്നുള്ള എം എൽ എയണ് ബേബി റാണി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള സമുദായ സമവാക്യങ്ങളായിരുന്നു മന്ത്രിസഭ രൂപീകരണത്തിൽ ബി ജെ പി പാലിക്കുകയെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി നേരിടുന്ന കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ദളിത് വേട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് യു പിയിൽ ബി ജെ പി. അതുകൊണ്ട് തന്നെ ദളിത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള നിയമനങ്ങൾ പാർട്ടിയിൽ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിൽ പുരോഗമിക്കുകയാണ്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഏകദേശം 50,000 ത്തോളം പേരാണ് ചടങ്ങിൽ പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും. കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഗുണഭോക്താക്കളേയും പരിപാടിയിൽ പങ്കെടുപ്പിച്ചേക്കും.സംസ്ഥാനത്ത് ഇക്കുറി 255 സീറ്റ് നേടിയാണ് ബി ജെ പി അധികാര തുടർച്ച നേടിയത്. എൻ ഡി എ സഖ്യത്തിന് ലഭിച്ചത് 277 സീറ്റുകളാണ്.

അതിനിടെ ബി ജെ പിക്ക് ഭരണ തുടർച്ച ലഭിച്ച ഉത്തരാഖണ്ഡിലും ഗോവയിലും പുതിയ സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. മാർച്ച് 23 നാണ് ഉത്തരാഖണ്ഡിൽ സത്യപ്രതിജ്ഞ. കഴിഞ്ഞ ദിവസം ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി തന്നെ തുടരാൻ തിരുമാനമായിരുന്നു. ധാമി നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയായിരുന്നു അനിശ്ചിതത്വം ഉയർന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ നേതാക്കൾ ഒന്നടങ്കം ധാമിയെ പിന്തുണയ്ക്കുകയായിരുന്നു. ഗോവയിലും ബി ജെ പി സർക്കാർ ഉടൻ അധികാരത്തിലേറും.മുഖ്യമന്ത്രിയെ ചൊല്ലി നിലനിന്നിരുന്ന പ്രതിസന്ധിക്ക് കഴിഞ്ഞ ദിവസം ചേർന്ന നിയമസഭ കക്ഷി യോഗത്തോടെ വിരാമമായിരുന്നു. അടുത്ത മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തന്നെ തുടരട്ടെയെന്നാണ് എം എൽ എമാർ ഐക്യകണ്ഠേന തിരുമാനിച്ചതെന്നായിരുന്നു ബി ജെ പി നേതൃത്വം അറിയിച്ചത്.












Click it and Unblock the Notifications