മധ്യപ്രദേശിൽ കടുത്ത ഭരണ വിരുദ്ധ വികാരമെന്ന് ഇന്റലിജെൻസ് റിപ്പോർട്ടും സർവ്വേകളും,ഗുജറാത്ത് മോഡലിനൊരുങ്ങി ബിജെപി
ദില്ലി: സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന ഇന്റലിജെൻസ് റിപ്പോർട്ടിന്റേയും ആഭ്യന്തര സർവ്വേകളുടേയും അടിസ്ഥാനത്തിൽ മധ്യപ്രദേശിലും ഗുജറാത്ത് മോഡൽ നടപ്പാക്കാനൊരുങ്ങി ബി ജെ പി. തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേയായിരുന്നു നേരത്തേ ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ മാറ്റി വലിയ അഴിച്ചുപണി ബി ജെ പി നടത്തിയത്. സമാന രീതിയിലുള്ള മാറ്റങ്ങളാണ് ബി ജെ പി മധ്യപ്രദേശിലും ആലോചിക്കുന്നത്.

ആർ എസ് എസും ബി ജെ പിയും നടത്തിയ മൂന്നിൽ രണ്ട് സർവ്വേകളിലും സംസ്ഥാനത്ത് ഭരണം നിലനിർത്തുകയെന്നത് ബി ജെ പിയെ സംബന്ധിച്ച് അതികഠിനമായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 18 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി ജെ പിക്ക് ഇനി അധികാരം നിലനിർത്തണമെങ്കിൽ തീവ്രശ്രമങ്ങൾ തന്നെ വേണ്ടി വരുമെന്നും സർവ്വേകൾ സൂചിപ്പിക്കുന്നു.

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമർ, സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര, സംസ്ഥാന പാർട്ടി അധ്യക്ഷൻ വി ഡി ശർമ എന്നിവരുടെ തട്ടകമായ ഗ്വാളിയോർ-ചമ്പൽ, ബുന്ദേൽഖണ്ഡ്, വിന്ധ്യ മേഖലകളിൽ എല്ലാം ബി ജെ പിക്ക് ആശങ്കാജനകമായ സാഹചര്യമാണെന്നും സർവ്വേകൾ പറയുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് നേതൃത്വം ഉടച്ച് വാർക്കലിന് ആലോചിക്കുന്നത്. എന്നാൽ ഗുജറാത്തിൽ നിന്നും വ്യത്യസ്തമായ സംഘടന തലത്തിലായിരിക്കും ആദ്യ പൊളിച്ചേഴുത്ത്. പിന്നീട് മന്ത്രിസഭയിൽ ആവശ്യങ്ങളായ മാറ്റങ്ങൾ വരുത്തും. സംസ്ഥാന അദ്ധ്യക്ഷനായ വിഡി ശര്‍മ്മയെ മാറ്റി ഗോത്ര വിഭാഗത്തില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഉള്ള നേതാവിനെ നിയോഗിക്കാന്‍ സാധ്യതയുണ്ട്.

മന്ത്രിസഭയിൽ നിലവിൽ നാല് അംഗങ്ങളുടെ കുറവുണ്ട്. ഇത് നികത്തിയേക്കും. കൂടാതെ യുവ മുഖങ്ങളും ഇടംപിടിച്ചേക്കും. ജാതി-മത-സമവാക്യങ്ങൾ പാലിച്ച് കൊണ്ടായിരിക്കും മന്ത്രിസഭ പുനഃസംഘടന. വിന്ധ്യാ മേഖലയിലെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെയും അവഗണിക്കപ്പെട്ട നേതാക്കളെ കൂടാതെ ചില ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാക്കളേയും പരിഗണിച്ചേക്കും.നിലവിലെ മന്ത്രിസഭയിൽ 30 മന്ത്രിമാരുണ്ട്. 10 പേർ ക്ഷത്രിയ വിഭാഗത്തിൽ നിന്നുള്ളവരാണ്.എട്ട് മന്ത്രിമാർ ഒബിസി വിഭാഗക്കാരും.മൂന്ന് പേർ എസ്‌സിയിൽ നിന്നും നാല് പേർ എസ്ടിയിൽ നിന്നുമാണ്. രണ്ട് മന്ത്രിമാർ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരാണ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാറ്റുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് സിങ് ചൗഹാന്‍ തന്നെയാണ് ഒ ബി സി വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ്. ചൗഹാന് പകരക്കാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ലാത്തതിനാൽ തന്നെ അദ്ദേഹത്തെ മാറ്റാതെയായിരിക്കും നടപടികൾ. എന്നാൽ ഇത് പ്രതിഷേധത്തിന് വഴിവെച്ചേക്കാം.

ഓപ്പറേഷൻ കമലയിലൂടെ മധ്യപ്രദേശ് ഭരണം പിടിച്ചെടുത്ത പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചൗഹാന് പകരം മറ്റ് ചില പേരുകൾ നേതൃത്വം പരിഗണിച്ചിരുന്നു. ചൗഹാനെ മാറ്റണമെന്ന വികാരം പാർട്ടിക്കുള്ളിലും ശക്തമായിരുന്നു. എന്നാൽ വിവിധ വിഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉയർന്നതോടെ അദ്ദേഹത്തെ നിലനിർത്തുകയായിരുന്നു. എന്നിരുന്നാലും ചൗഹാനെ മുൻ നിർത്തി ഇനി തിരഞ്ഞെടുപ്പിനെ നയിക്കുകയെന്നത് ബി ജെ പിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായേക്കും. ഇപ്പോൾ തന്നെ അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചില നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ബി ജെ പി സർവ്വേയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പേരിൽ ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ ആവർത്തിച്ചാൽ, 16 വർഷമായി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ശിവരാജ് സിംഗിനെ ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് അർത്ഥം.അതുകൊണ്ട് തന്നെ തന്റെ പ്രതിച്ഛായ വർധിപ്പിക്കാൻ ചൗഹാൻ നടത്തുന്ന പണം അദ്ദേഹത്തിൽ നിന്ന് തന്നെ തിരിച്ച് പിടിക്കണം', കോൺഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.












Click it and Unblock the Notifications