കൊഴിഞ്ഞ് പോക്കിന് പിന്നാലെ കരുതലോടെ ബിജെപി; സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കില്ല
ലഖ്നൗ; അപ്രതീക്ഷിതമായ തിരിച്ചടികളാണ് ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസങ്ങളിൽ ബി ജെ പി നേരിട്ടത്. ഒറ്റയടിക്ക് ഒ ബി സി വിഭാഗത്തിൽ നിന്നുള്ള 3 മന്ത്രിമാരും 9 എം എൽ എമാരുമാണ് കഴിഞ്ഞ ദിവസം ബി ജെ പി വിട്ടത്. ഇവരെല്ലാം സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. ഇതോടെ പടിഞ്ഞാറൻ യുപിയിൽ ഉൾപ്പെടെ സമാജ്വാദി പാർട്ടി മേൽക്കൈ നേടുന്താണ് കാഴ്ച.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ കരുതലോടെയാണ് ബി ജെ പി നേതൃത്വം നേരിടുന്നത്. ബി ജെ പിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക തന്നെ ഇതിന്റെ ഉദാഹരണമാണ്.

403 സീറ്റിൽ 107 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബി ജെ പി പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാനത്ത് ബി ജെ പിക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ട്. പല എം എൽ എമാർക്കെതിരേയും ജനവികാരം ശക്തമാണ്. പാർട്ടി സർവ്വേയിലും ഇക്കാര്യം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 100 മുതൽ 150 സിറ്റിംഗ് എം എൽ എമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം.

എന്നാൽ നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കോടെ തന്ത്രം മാറ്റിയിരിക്കുകയാണ് നേതൃത്വം. ആദ്യ ഘട്ട പട്ടികയിൽ 20 എം എൽ എമാരെ പാർട്ടി മാറ്റി നിർത്തിയിട്ടുണ്ട്. 30 പേരെ കൂടി മാറ്റി നിർത്തിയേക്കുമെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന സൂചന. കൂടുതൽ പേരെ മാറ്റി നിർത്തിയാൽ പാർട്ടിയിൽ കൊഴിഞ്ഞ് പോക്ക് കൂടുമോയെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.

മാത്രമല്ല സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനവും കരുതലോടെ പൂർത്തിയാക്കാനാണ് നീക്കം. സഖ്യകക്ഷിയായ നിഷാദ് പാർട്ടിയും അപ്നാദളും കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും 15 സീറ്റുകൾ മാത്രം നൽകാനാണ് ബി ജെ പി തീരുമാനം. ജാതിമത സമവാക്യങ്ങളും പരിഗണിക്കപ്പെടും. ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ 43 പേർ മുന്നാക്ക ജാതിക്കാരും 44 പേർ ഒബിസി, 19 പേർ പട്ടിക ജാതി, സിഖ് വിഭാഗത്തിൽ നിന്നുള്ള ഒരാൾ എന്നിങ്ങനെയായിരുന്നു. ഇതിൽ തന്നെ മുന്നാക്ക ജാതികളിൽ 18 പേർ താക്കൂർമാരും 10 പേർ ബ്രാഹ്മണരുമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉപമുഖ്യമന്ത്രി പ്രസാദ് മൗര്യയേയും സ്ഥാനാർത്ഥികളായി ഇതിനോടകം പ്രഖ്യാപിച്ചെങ്കിലും മറ്റ് പ്രമുഖ നേതാക്കളായ പാർട്ടി സംസ്ഥാന അധ്യക്ഷനായ ദിനേഷ് ശർമ്മ, സ്വതന്ത്ര ദേവ് സിംഗ് തുടങ്ങിയവരുടെ കാര്യത്തിൽ നേതൃത്വം ഇതുവരെ തിരുമാനം കൈക്കൊണ്ടിട്ടില്ല. പടിഞ്ഞാറൻ യുപിയിൽ ചില സീറ്റുകളിലും ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇത് മറ്റേതെങ്കിലും പ്രാദേശിക കക്ഷിയുമായി സഖ്യത്തിനുള്ള നീക്കം നടക്കുന്നതിനാലാണെന്നാണ് റിപ്പോർട്ട്.

അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചരണം ബി ജെ പി കേന്ദ്ര നേതൃത്വം നേരിട്ട് ഏറ്റെടുത്തതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പ്രചരണം സജീവമാക്കാനാണ് നീക്കം. 2017 ൽ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു പാർട്ടിയുടെ പ്രചരണം. അന്ന് 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്.












Click it and Unblock the Notifications