കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കുഴിച്ച കുഴിയില്‍ വീണ് ബിജെപി. മന്ത്രിസഭ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. ഇത് ഏകദേശ തീരുമാനമായിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനകം മന്ത്രിസഭ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് തിളങ്ങി നില്‍ക്കുന്നതാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. ജനങ്ങളിലേക്ക് ഇത് നേരിട്ട് എത്തുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ മന്ത്രിസഭാ രൂപീകരണം ജ്യോതിരാദിത്യ സിന്ധ്യക്ക് നിരാശ സമ്മാനിക്കുന്നതാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതല്‍ മന്ത്രിസ്ഥാനമുണ്ടാവില്ല. ഇത് പാര്‍ട്ടിയില്‍ പുതിയൊരു വിള്ളല്‍ ഉണ്ടാക്കും. കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കായി സമ്മര്‍ദം ചെലുത്തിയതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. കമല്‍നാഥ് ഇക്കാര്യം രാഷ്ട്രീയ വിജയം തന്നെ നേടിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ഗെയിം
മധ്യപ്രദേശിലെ കോവിഡ് വീഴ്ച്ചകള്‍ പോസ്റ്റര്‍ പതിക്കും പോലെയാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. ശിവരാജ് സിംഗ് ചൗഹാന് മാത്രമായി ഈ സമ്മര്‍ദത്തെ നേരിടാനും സാധിച്ചില്ല. സാധാരണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എന്തിനെയും നേരിടുന്ന ചൗഹാന് ശരിക്കും വീണ് പോയി. ഇതോടെ ദേശീയ തലത്തിലേക്ക് അദ്ദേഹം ഓടുകയായിരുന്നു. ആരോഗ്യ മന്ത്രി പോലുമില്ലാതെ ചൗഹാന് ഒന്നും ചെയ്യാനാവില്ലെന്ന് ബിജെപിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ പറയുന്നു. ചൗഹാനെ മാറ്റണമെന്ന് വരെ നേരത്തെ മോദി പറഞ്ഞിരുന്നു. പക്ഷേ കോണ്‍ഗ്രസ് ചൗഹാന്റെ ഈ പ്രതിസന്ധിയില്‍ രാഷ്ട്രീയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

48 മണിക്കൂറില്‍
കമല്‍നാഥ് വിവിധ നേതാക്കളെ ഉപയോഗിച്ച് ബിജെപിയെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. ഏപ്രില്‍ 20നുള്ളിലോ അതിന് ശേഷമോ മന്ത്രിസഭ പ്രഖ്യാപനമുണ്ടാവും. ആരോഗ്യ മന്ത്രിയുടെ നിയമനാണ് ഇതില്‍ ആദ്യമുണ്ടാവുക. നിലവില്‍ ടാസ്ക് ഫോഴ്സിനെ വെച്ചാണ് കോവിഡ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നത്. മുന്‍ ആരോഗ്യ മന്ത്രിയും ജോതിരാദിത്യ സിന്ധ്യ അനുയായിയുമായ തുളസി സിലാവത്തും ഈ ടാസ്ക് ഫോഴ്സിലുണ്ട്.

25 ദിവസമായി
25 ദിവസം മന്ത്രിസഭയില്ലാതെ ഭരിച്ച ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോര്‍ഡ് വന്നതോടെ ചൗഹാന് നേരത്തെ ദില്ലിയിലെത്തിയിരിക്കുകയാണ്. കേന്ദ്ര നേതൃത്വവുമായി മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ബിജെപിയുടെ വലിയൊരു വിഭാഗവും ചൗഹാനെതിരെ രംഗത്തുണ്ട്. അമിത് ഷാ ചൗഹാന് പറയുന്നവരുടെ പട്ടിക അംഗീകരിക്കാന്‍ പക്ഷേ പൂര്‍ണമായും തയ്യാറല്ല. നേരത്തെ കോവിഡ് പ്രതിസന്ധി കഴിയുന്നത് വരെ ചൗഹാന് മാത്രം മതിയെന്നായിരുന്നു ഷായുടെ നിലപാട്. ഇത് ചൗഹാന്റെ പ്രതിച്ഛായ ഇടിക്കാനുള്ള തന്ത്രമായിരുന്നു.

കളത്തിലിറങ്ങി കോണ്‍ഗ്രസ്
7.50 കോടി ജനങ്ങളുടെ ജീവിതമാണ് ചൗഹാന് പ്രതിസന്ധിയിലാക്കിയതെന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഇതുവരെ സംസ്ഥാനത്തെ 52 ജില്ലകളില്‍ 26 എണ്ണം കോവിഡില്‍ മുങ്ങിയതായി കോണ്‍ഗ്രസ് പറഞ്ഞു. ആരോഗ്യ വിഭാഗത്തിലെ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൗഹാന് മന്ത്രിസഭ രൂപീകരിക്കണമെന്നില്ല. സ്വന്തം സൂപ്പര്‍ ഹീറോ പരിവേഷം കാത്തുരക്ഷിക്കാനാണ് അദ്ദേഹം നടക്കുന്നതെന്നും കമല്‍നാഥിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ പഴിചാരി രക്ഷപ്പെടാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.

വളരെ ചെറിയ മന്ത്രിസഭ
ബിജെപി കുറച്ച് മന്ത്രിമാരെ ചൗഹാന് വേണ്ടി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് പേരായിരിക്കും ഉണ്ടാവുക. വിപുലീകരിച്ച മന്ത്രിസഭ ഉണ്ടാവണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അമിത് ഷാ ചൗഹാനെ അറിയിച്ചിട്ടുണ്ട്. പത്ത് പേരില്‍ താഴെ മാത്രം അംഗങ്ങളായിരിക്കും ഈ മന്ത്രിസഭയില്‍ ഉണ്ടാവുക. അതുകൊണ്ട് ചൗഹാന് വിമതര്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ സാധിക്കില്ല. നരോത്തം മിശ്രയ്ക്ക് ഉപമുഖ്യമന്ത്രി പദവും അടുത്തൊന്നും ലഭിക്കില്ല.

സിന്ധ്യ കലിപ്പില്‍
മന്ത്രിസഭ ഇത്രയും വൈകിപ്പിച്ചത് ചൗഹാനാണെന്ന നിലപാടിലാണ് ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ രണ്ട് പേര്‍ക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിക്കുക. അതിലൊന്ന് തുളസി സിലാവത്തായിരിക്കും. എന്നാല്‍ സിലാവത്തിന് പോലും ആരോഗ്യ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പില്ല. സിലാവത്തിനെ ആരോഗ്യ വകുപ്പില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയിലും സജീവമായിരുന്നു. പക്ഷേ സിലാവത്തിനെ മാറ്റിയാല്‍ ഭോപ്പാല്‍ മേഖലയില്‍ സിന്ധ്യയുടെ കാലിടറും. ഗ്വാളിയോര്‍ അടക്കമുള്ളവയില്‍ സിലാവത്തിന് വന്‍ സ്വാധീനമുണ്ട്. സിന്ധ്യയെ ശക്തനാക്കുന്ന ഘടകമാണിത്.

കോണ്‍ഗ്രസ് പ്രതീക്ഷ
കോണ്‍ഗ്രസ് പ്രതീക്ഷിച്ച പോലെ മന്ത്രിസഭാ രൂപീകരണത്തില്‍ സിന്ധ്യ ഇടഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും അതൃപ്തിയിലാണ്. വിചാരിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. കോവിഡ് കാലത്തെ മോശം പ്രവര്‍ത്തനം സിന്ധ്യ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ദുര്‍ബലനാക്കും. കോണ്‍ഗ്രസിന്റെ കോട്ട കൂടിയാണിത്. ഈ നേട്ടമാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. ബിജെപിയുടെ പ്രവര്‍ത്തനം അതിനുള്ള എല്ലാ വഴിയും ഒരുക്കി നല്‍കുന്നുണ്ട്. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി സ്ഥാനം കൈവിടുന്ന നേതാവെന്ന പേരുദോഷവും ചൗഹാന് ഇതോടൊപ്പം ലഭിക്കും.












Click it and Unblock the Notifications