'വൊക്കാലിഗ വോട്ടുകൾ പിടിക്കണം';കർണാടകത്തിൽ തുനിഞ്ഞിറങ്ങി ബിജെപി
കർണാടക; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ അധികാരം നിലനിർത്താനുള്ള 18 അടവും പുറത്തെടുക്കുകയാണ് ബി ജെ പി. ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനം കൈവിടരുതെന്ന കർശന നിർദ്ദേശമാണ് പാർട്ടി ദേശീയ നേതൃത്വം നൽകിയിരിക്കുന്നത്. പ്രവർത്തനങ്ങൾ നേരത്തേ ആരംഭിക്കാനും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് ഏറെ നിർണായകമായ വൊക്കാലിഗ വിഭാഗത്തിന്റെ വോട്ടുകൾ നേടാൻ പ്രത്യേക ഇടപെടൽ നടത്തണമെന്ന നിർദ്ദേശം നേതാക്കൾക്ക് നൽകിയിരിക്കുകയാണ് അമിത് ഷാ.

ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായ സംസ്ഥാനമാണ് കർണാടക. അതുകൊണ്ട് തന്നെ പ്രബല സമുദായങ്ങളെ ഒപ്പം നിർത്തിയാൽ അധികാരത്തിലേക്കുള്ള താക്കോലായി. ലിംഗായത്ത, വൊക്കാലിഗ എന്നിവയാണ് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള രണ്ട് സമുദായങ്ങൾ. ഇതിൽ ലിഗായത്ത് വിഭാഗം ബി ജെ പിയ്ക്കൊപ്പമാണ്. വൊക്കാലിഗ വിഭാഗമാകട്ടെ കോൺഗ്രസിനേയും ജെ ഡി എസിനേയും പിന്തുണയ്ക്കുന്നു. ഈ വോട്ടുകളാണ് ബി ജെ പി കണ്ണുവെയ്ക്കുന്നത്.

'വൊക്കാലിഗ വിഭാഗത്തിൻറെ വോട്ടുകൾ നേടാൻ ശക്തമായ ശ്രമങ്ങൾ ബി ജെ പി നടത്തുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ അത്തരം നീക്കങ്ങളൊന്നും വിജയം കാണാൻ പോകുന്നില്ലെന്ന്' കോൺഗ്രസ് ജനറൽ സെക്രട്ടറി മലവള്ളി ശിവണ്ണ പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരെ സമുദായത്തിനിടയിൽ ജനവികാരം ശക്തമാണ്. എന്നിരുന്നാലും ഈ ഘട്ടത്തിൽ ഒരു ചാൻസ് എടുക്കാൻ ഞങ്ങൾ തയ്യാറല്ല, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ശിവണ്ണ പറഞ്ഞു. സിദ്ധരാമയ്യയും ഡികെ ശിവകുമാറും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചുവെന്നും ഒ ബി സി , വൊക്കാലിഗ വോട്ടുകൾ നേടാൻ ഇത് കോൺഗ്രസിനെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂർ റൂറലിന്റെ ചുമതല ശിവണ്ണയ്ക്കായിരുന്നു. അന്ന് ഏഴ് ജെ ഡി എസ് എം എൽ എമാരെ കോൺഗ്രസിൽ എത്തിക്കാൻ ശിവണ്ണയ്ക്ക് സാധിച്ചിരുന്നു.

ദക്ഷിണ കർണാടകയിലെ 12 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വൊക്കലിഗ ബെൽറ്റിൽ 87 സീറ്റുകളാണുള്ളത്. 224 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ബിജെപിക്ക് ഇവിടെ ഗണ്യമായ സീറ്റുകൾ നേടണം. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബംഗളൂരു അർബനിൽ നിന്നായിരുന്നു ബി ജെ പിക്ക് 20 ഓളം സീറ്റുകൾ നേടിയത്. എന്നാൽ മാണ്ഡ്യ, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബല്ലാപ്പൂർ എന്നിവിടങ്ങളിൽ തിരച്ചടി നേരിട്ടു. എന്നാൽ കുടക് , തുംകുരുവിലെ ചില ഭാഗങ്ങൾ, മൈസൂരു എന്നിവിടങ്ങളിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. കിറ്റൂരിലും കല്യാണ കർണാടകയിലും തീരദേശ മേഖലയിലും ബി ജെ പിയുടെ നില താരതമ്യേന സുരക്ഷിതമാണെന്നും എന്നാൽ പഴയ മൈസൂരു മേഖലയിൽ പാർട്ടി 50% സീറ്റെങ്കിലും നേടണമെന്നുമാണ് അമിത് ഷായുടെ നിർദ്ദേശം.
Recommended Video

'ഓരോ മേഖലകളിലും പാർട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നേതൃത്വത്തിന് വ്യക്തമായ ധാരണ ഉണ്ട്', സംസ്ഥാന ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. വോട്ടർമാരെ സമീപിക്കുന്നതിനു പുറമേ ബി ജെ പിയിൽ ചേരാൻ തയ്യാറുള്ള ജെ ഡി എസിലേയും കോൺഗ്രസിലേയും നേതാക്കളെ തങ്ങൾ സമീപിക്കുമെന്നും കട്ടീൽ പറഞ്ഞു. പഴയ മൈസൂരു മേഖലയിൽ വൊക്കാലിഗ വോട്ട് ഏറെ നിർണായകമാണ്. സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ 30 ശതമാനത്തോളമാണ് വൊക്കാലിഗ വിഭാഗം. 2018ൽ ജെഡി(എസ്) ഏഴ് സീറ്റുകളും തൂത്തുവാരിയ മാണ്ഡ്യ ജില്ലയിൽ ആകെയുള്ള 15 ലക്ഷം വോട്ടർമാരിൽ ആറ് ലക്ഷത്തോളമാണ് വൊക്കലിഗകൾ. പ്രദേശത്ത് വോട്ട് ഉറപ്പാക്കാൻ വൊക്കാലിഗ വിഭാഗത്തിൽ നിന്നുള്ള എം എൽ എമാരായ പ്രീതം ഗൗഡ (ഹാസൻ), രാജേഷ് ഗൗഡ (സിറ) എന്നിവരെ ഉൾപ്പെടെ രംഗത്തിറക്കി പ്രചാരണം നടത്താനാണ് ബി ജെ പി ഇവിടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications