പഞ്ചാബിൽ കോടതി സമുച്ചയത്തിനുള്ളിൽ സ്ഫോടനം; 2 മരണം.. 4 പേർക്ക് പരിക്ക്
ചണ്ഡീഗഡ്: പഞ്ചാബിൽ ലുധിയാനയിലെ ജില്ലാ കോടതി കെട്ടിടത്തിൽ ഉണ്ടായ സ്ഫോടത്തിൽ രണ്ട് മരണം. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രാവിലെ 12.30 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാമത്തെ നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശുചിമുറിയുടെ ഭിത്തികളും സമീപത്തെ മുറികളുടെ ജനാല ചില്ലുകളും തകർന്നതായാണ് വിവരം. പോലീസ് പ്രദേശം വളയുകയും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും ചെയ്തിട്ടുണ്ട്.ലുധിയാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ കമ്മീഷണറുടെ ഓഫീസിന് സമീപമാണ് ജില്ലാ കോടതി സ്ഥിതി ചെയ്യുന്നത്.
വ്യാഴാഴ്ച അഭിഭാഷകരുടെ പണിമുടക്ക് നടന്നതിനാൽ സ്‌ഫോടനം നടക്കുമ്പോൾ ഏതാനും പേർ മാത്രമാണ് കോടതി സമുച്ചയത്തിൽ ഉണ്ടായിരുന്നത്.സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.ഉടൻ ലുധിയാനയിലെത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ചില ദേശവിരുദ്ധ ഘടകങ്ങളാകാം എന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ചരൺ ജിത്ത് സിംഗ് ചന്നി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
അതേസമയം, ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) രണ്ടംഗ സംഘം ലുധിയാനയിലെ സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാൻ ഒരുങ്ങുകയാണ്. നാഷണൽ ബോംബ് ഡാറ്റാ സെന്ററിൽ നിന്നുള്ള സംഘവും സംഭവസ്ഥലത്തെത്തി.ദേശീയ സുരക്ഷാ ഗാർഡും (എൻഎസ്ജി) വിഷയം അന്വേഷിക്കാൻ ഒരു സംഘത്തെ അയക്കും.