മുൻകരുതൽ ഡോസ് എന്ന് മുതൽ? അർഹരായവർക്ക് വിവരം ലഭിക്കുകയെങ്ങനെ?കേന്ദ്രം പറയുന്നു
ദില്ലി; 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള മുൻ കരുതൽ ഡോസ് ജനുവരി 10 മുതൽ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് എസ്എംഎസ് ആയി അറിയിപ്പ് നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച 60 വയസിൽ കൂടുതൽ പ്രായമുള്ള ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. രണ്ടാമത്തെ ഡോസ് എടുത്ത് 39 ആഴ്ച പൂർത്തിയായിരിക്കണം.
ബൂസ്റ്റർ ഡോസ് എടുക്കുന്നതിലൂടെ രോഗം വരില്ല എന്നല്ല മറിച്ച് ആശുപത്രി വാസം കുറയ്ക്കാനും രോഗത്തിന്റെ തീവ്രത കുറക്കാനുമാണ് സാധിക്കുകയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ പറഞ്ഞു.
കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതർക്കുമാണ് മുൻകരുതൽ ഡോസ് നൽകുക. ഒമൈക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ ഡോസ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേരും ആദ്യ ഡോസ് കൊവിഡ് വാക്സിൻ പൂർത്തീകരിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 61 ശതമാനത്തോളം പേര് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമൈക്രോൺ കേസുകളും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മരണസംഖ്യ കുറക്കാനുള്ള പരമാവധി നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശമാണ് കേന്ദ്രം നൽകുന്നത്.
അതേസമയം ദില്ലി, മുംബൈ, ഗുഡ്ഗാവ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ് .24 മണിക്കൂറിനിടെ മുംബൈയിൽ 2510 കേസുകളാണ് രേഖപ്പെടുത്തിയത്. 82 ശതമാനം വർധനവാണ് ഇവിടെ കേസുകളിൽ ഉണ്ടായത്. സമാന രീതിയിലാണ് ദില്ലിയിലും കേസുകൾ ഉയർന്നത്. ഒമൈക്രോൺ കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചതും ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. 263 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കേസുകൾ ഉയരുകയാണ്. ബുധനാഴ്ച 167 പേർക്കായിരുന്നു രോഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
നീലമ്പേരൂര്‍ മധുസൂദനന് നായര്‍ മുതൽ കൈതപ്രം വിശ്വനാഥൻ വരെ..കേരളത്തിന്റ നഷ്ടങ്ങൾ