യുദ്ധത്തെ പിന്തുണയ്ക്കില്ല; ഇന്ത്യയുടെ പാത ചര്‍ച്ചകളുടേയും നയതന്ത്രത്തിന്റേതുമെന്ന് മോദി
മോസ്‌കോ: ഇന്ത്യ ചര്‍ച്ചകളേയും നയതന്ത്രത്തേയും പിന്തുണയ്ക്കുന്നു എന്നും യുദ്ധത്തെ പിന്തുണയ്ക്കുന്നില്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ബ്രിക്‌സ് അംഗങ്ങളും ലോകമാകേയും അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
'ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന വിഷയങ്ങളാണ് വിലക്കയറ്റം തടയല്‍, ഭക്ഷണം, ഊര്‍ജം, ആരോഗ്യം, ജല സുരക്ഷ എന്നിവ ഉറപ്പാക്കല്‍ എന്നിവ. സാങ്കേതിക വിദ്യയുടെ ഈ കാലത്ത് ഡീപ് ഫേക്കുകള്‍ പോലെയുള്ള സൈബര്‍ തട്ടിപ്പുകളും മറ്റും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ സമയത്ത് ബ്രിക്‌സ് ഗ്രൂപ്പില്‍ ഒരുപാട് പ്രതീക്ഷയാണ് ലോകത്തിനുള്ളത്,' മോദി പറഞ്ഞു.

വൈവിധ്യവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയില്‍ ഈ മേഖലകളിലെല്ലാം നമുക്ക് നല്ല പങ്ക് വഹിക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ബ്രിക്‌സിന്റെ സമീപനം ജനകേന്ദ്രീകൃതമായി തുടരണം എന്നും ബ്രിക്‌സ് എന്നാല്‍ വിഭജനമല്ലെന്ന് ലോകത്തോട് പറയണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൊവിഡ് പോലുള്ള ഒരു വെല്ലുവിളിയെ ഒരുമിച്ച് മറികടക്കാന്‍ നമുക്ക് കഴിഞ്ഞത് പോലെ സുരക്ഷിതവും ശക്തവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ നമുക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെയും തീവ്രവാദങ്ങള്‍ക്ക് ലഭിക്കുന്ന ധന സഹായത്തെയും നേരിടാന്‍ എല്ലാവരുടെയും ഉറച്ച പിന്തുണ ആവശ്യമാണ്.
ഈ ഗുരുതരമായ വിഷയത്തില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ല, അദ്ദേഹം വ്യക്തമാക്കി. പുതിയ അംഗരാജ്യങ്ങളായ ഈജിപ്ത്, ഇറാന്‍, എത്യോപ്യ, യു എ ഇ എന്നിവരെ ഇന്ത്യ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഇക്കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാണ് എടുക്കേണ്ടത്. എന്നാലും ബ്രിക്‌സ് സ്ഥാപക അംഗങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കണം,' അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലും ഉക്രെയ്നിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് മോദിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായി. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔപചാരിക കൂടിക്കാഴ്ചയാണിത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ തര്‍ക്ക പ്രദേശങ്ങളിലെ ഭാവി നിലപാട് യോഗത്തില്‍ ചര്‍ച്ചയായേക്കും.












Click it and Unblock the Notifications