തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്: എംപി, മുന്‍ മന്ത്രി, ഉദ്യോഗസ്ഥർ: പക്ഷെ എല്ലാവർക്കും സീറ്റ് വേണം
ഹൈദരാബാദ്: ബി ആർ എസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും (എംഎൽസി) തെലങ്കാന മുൻ മന്ത്രിയുമായ പട്നം മഹേന്ദർ റെഡ്ഡി കോണ്‍ഗ്രസില്‍ ചേർന്നു. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ കണ്ടതിന് പിന്നാലെയാണ് ബി ആർ എസ് വിട്ട് ഭരണകക്ഷിയായ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. വിക്രാബാദ് ജില്ലാ പരിഷത്ത് അധ്യക്ഷയായ ഭാര്യ സുനിതയ്‌ക്കൊപ്പമായിരുന്നു മഹേന്ദർ റെഡ്ഡി മുഖ്യമന്ത്രിയെ കാണാനായി എത്തിയത്.
സംസ്ഥാന ആരോഗ്യമന്ത്രി ദാമോദർ രാജനരസിംഹ, മുതിർന്ന നേതാവ് രോഹിൻ റെഡ്ഡി എന്നിവരും ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. താനും ഭർത്താവും ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച സുനിത പറഞ്ഞു. "ഞങ്ങൾ വളരെക്കാലമായി ബി ആർ എസിൽ പ്രവർത്തിച്ച് വരികയാണ്, പക്ഷേ അവിടെ ഒരു അംഗീകാരവും ലഭിച്ചില്ല. അനുയായികളുമായും അഭ്യുദയകാംക്ഷികളുമായും കൂടിയാലോചിച്ച ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്" അവർ പറഞ്ഞു.

ചെവെല്ല പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കണമെന്ന് മഹേന്ദർ റെഡ്ഡി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുവെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തണ്ടൂരിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടതുമുതൽ മഹേന്ദർ റെഡ്ഡി ബി ആർ എസിൽ നിന്നും അകന്നിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മഹേന്ദർ പാർട്ടി വിടാനുള്ള നീക്കത്തിലായിരുന്നു. എന്നാല്‍ ബി ആർ എസ് പ്രസിഡൻ്റും അന്നത്തെ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു അദ്ദേഹത്തെ സമാധാനിപ്പിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് 2023 ഓഗസ്റ്റിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാക്കുകയായിരുന്നു.
തണ്ടൂരിൽ നിന്ന് മൂന്ന് തവണ എം എൽ എയായ മഹേന്ദർ റെഡ്ഡി 2014 നും 2018 നും ഇടയിൽ ആദ്യത്തെ ബി ആർ എസ് സർക്കാരിലും മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 ൽ ബി ആർ എസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം തെലുങ്കുദേശം പാർട്ടിക്കൊപ്പമായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ രോഹിത് റെഡ്ഡിയോട് പരാജയപ്പെട്ടു. 2019ൽ ബി ആർ എസ് അദ്ദേഹത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാക്കി. ഇതോടെയാണ് 2021-ൽ തദ്ദേശ സ്ഥാപന അധികാരികളുടെ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വീണ്ടും കൗൺസിലിലേക്ക് മത്സരിപ്പിക്കുന്നത്.
ബോർലകുന്ത വെങ്കിടേഷ് നേത ബിആർഎസ് വിട്ട് ദിവസങ്ങൾക്കുള്ളിലാണ് മഹേന്ദർ റെഡ്ഡിയും പാർട്ടി വിടുന്നത്. എംപിയായ നേത ഫെബ്രുവരി ആറിന് ബി ആർ എസിൽ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പെദ്ദപ്പള്ളി ലോക്‌സഭാ സീറ്റിലേക്കുള്ള കോൺഗ്രസ് ടിക്കറ്റാണ് അദ്ദേഹം വീണ്ടും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ആഴ്ച, സ്റ്റേഷൻ ഘാൻപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മറ്റൊരു മുതിർന്ന ബിആർഎസ് നിയമസഭാംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ തട്ടികൊണ്ട രാജയ്യ പാർട്ടിയിൽ നിന്നും രാജിവച്ചിരുന്നു. അദ്ദേഹവും കോൺഗ്രസിൽ ചേരാനും സാധ്യതയുണ്ട്. വാറങ്കൽ ലോക്‌സഭാ സീറ്റിൽ നിന്നാണ് അദ്ദേഹം കോൺഗ്രസ് ടിക്കറ്റ് പ്രതീക്ഷിക്കുന്നത്. അതിനിടെ, പബ്ലിക് ഹെൽത്ത് ആൻ്റ് ഫാമിലി വെൽഫെയർ മുൻ ഡയറക്ടർ ഗദല ശ്രീനിവാസ റാവുവും ജോലി രാജിവച്ച് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമ്മം ലോക്‌സഭാ സീറ്റാണ് അദ്ദേഹം തേടുന്നത്.
"ഞാൻ എപ്പോഴും ആളുകളെ സേവിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, എനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചേരാനും ഖമ്മത്തിൽ ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്, " ഗദല ശ്രീനിവാസ റാവു പറഞ്ഞു. കോതഗുഡെമിലെ ബിആർഎസ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നതിനാൽ കെസിആറിൻ്റെ ഉറച്ച വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് റാവു.












Click it and Unblock the Notifications