അമേരിക്ക ഇടിഞ്ഞു; ഇന്ത്യ മൂക്കു കുത്തി വീണു!! രാവിലെ സംഭവിച്ചത്... വിപണി തകര്‍ന്നടിയുന്നു

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി അമേരിക്കന്‍ ഓഹരി സൂചിക കൂപ്പുകുത്തിയതിന് പിന്നാലെ ഏഷ്യന്‍ വിപണികളും തകര്‍ന്നടിയുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിന് കനത്ത തളര്‍ച്ചയാണ് വിപണി തുറന്ന ഉടനെ നേരിട്ടത്. 1250 പോയിന്റ് താഴ്ന്ന് 33482ലാണ് സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയാകട്ടെ 306 പോയിന്റ് താഴ്ന്നു. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യത്തിലും കനത്ത ഇടവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ദിനമാണിന്ന്. മറ്റു ഏഷ്യന്‍ വിപണികളിലും സമാനമായ സാഹചര്യമാണ് നേരിടുന്നത്.

Sensex6

അമേരിക്കന്‍ ഓഹരി സൂചികയായ ഡൗ ജോണ്‍സ് 1175 പോയിന്റാണ് താഴ്ന്നത്. അമേരിക്കന്‍ വിപണിയുടെ ചരിത്രത്തില്‍ ഒറ്റദിവസം കൊണ്ട് ഇത്രയും ഇടിയുന്നത് ആദ്യമാണ്. ബോംബെ ഓഹരി വിപണിയില്‍ എല്ലാ ഓഹരികളിലും താഴ്ച്ച പ്രകടമാണ്.

അമേരിക്കയില്‍ കഴിഞ്ഞാഴ്ച പരസ്യപ്പെടുത്തിയ ജോബ് ഡാറ്റയാണ് ചൊവ്വാഴ്ച വിപണി തകരാന്‍ കാരണമായി പറയപ്പെടുന്നത്. തൊഴിലവസരങ്ങള്‍ കൂടിയെന്നും വരുമാനം വര്‍ധിച്ചുവെന്നുമാണ് ജോബ് ഡാറ്റ പറയുന്നത്. എന്നാല്‍ വരുമാന വര്‍ധന പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും വിപണിയില്‍ വ്യാപകമായിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റതിന് പിന്നാലെയാണ് വിപണിയില്‍ നിന്ന് ദുഖകരമായ വാര്‍ത്ത വന്നത്. മിനുറ്റുകള്‍ക്കിടെ 5.4 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.

അമേരിക്കന്‍ വിപണി തകര്‍ന്നതിന് പിന്നാലെ ഏഷ്യന്‍ വിപണികളിലും തകര്‍ച്ച പ്രകടമാകുകയായിരുന്നു. ജപ്പാനിലെ നിക്കീ 5.26 ശതമാനം നഷ്ടം രേഖപ്പെടുത്തി. കൊറിയയുടെ കൊസ്പി 2.98 ശതമാനവും. ഹോങ്കോങിന്റെ ഹാങ്‌സെങില്‍ 4.3 ശതമാനം ഇടിവുണ്ടായി.

ഇന്ത്യന്‍ ബജറ്റ് പ്രഖ്യാപന ദിവസം ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായിരുന്നു. 2200 പോയിന്റ് നഷ്ടമാണ് അന്ന് സെന്‍സെക്‌സ് രേഖപ്പെടുത്തിയത്. ഓഹരി വിപണയില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന ധനമന്ത്രിയുടെ നിര്‍ദേശമാണ് അന്ന് ഇടിവിന് കാരണമായത്.

English summary
BSE Sensex, Nifty witness sharp fall as US stock plunge sparks global sell-off

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്