ഇന്ത്യയുടെ സുരക്ഷ ഈ കൈകളില്‍ ഭദ്രം; 60-ാം വാര്‍ഷികം ആഘോഷിച്ച് ബിഎസ്എഫ്
പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ 6623 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശം ബിഎസ്എഫിനാല്‍ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) സംരക്ഷിക്കപ്പെടുന്നു. ഡിസംബര്‍ ഒന്നിന് 60-ാം സ്ഥാപക ദിനം ആഘോഷിക്കുന്ന ബിഎസ്എഫിന് ധീരതയുടെ പാരമ്പര്യവും ചരിത്രവും ആണുള്ളത്. 'മരണം വരെയുള്ള കടമ' എന്ന ആപ്തവാക്യം ബിഎസ്എഫിന്റെ മഹത്തായ ഭൂതകാലത്തെ പ്രതിഫലിപ്പിക്കുന്നു.
'ജോലി ഏതായാലും, ഏത് സ്ഥലത്തായാലും എല്ലാ സമയവും സജ്ജരാണ്' എന്നതാണ് ബിഎസ്എഫിന്റെ മാര്‍ഗനിര്‍ദേശ തത്വം. ഇത് അവരുടെ കഴിവുകളുടെ തെളിവായി വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ പ്രധാന അതിര്‍ത്തി സുരക്ഷാ സേനയായ ബിഎസ്എഫ് ഒരു അര്‍ധസൈനിക സംഘടനയും ഇന്ത്യയിലെ അഞ്ച് കേന്ദ്ര സായുധ പൊലീസ് സേനകളില്‍ ഒന്നുമാണ്.

2.65 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള ഇത് ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ അതിര്‍ത്തി സുരക്ഷാ സേനയായി കണക്കാപ്പെടുന്നു. ഇന്ത്യ-പാകിസ്ഥാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ ബിഎസ്എഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിലായാലും സമാധാനപരമായ സാഹചര്യങ്ങളിലായാലും ഈ സേവനം നിര്‍ണായകമാണ്.
ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്ന് 1965 ഡിസംബര്‍ 1-നാണ് ബിഎസ്എഫ് സ്ഥാപിതമാകുന്നത്. ദുരന്തനിവാരണത്തിനായി നിയോഗിച്ചിരിക്കുന്ന നാലെണ്ണം ഉള്‍പ്പെടെ 193 ബറ്റാലിയനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2 ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന ഈ സേനയില്‍ എയര്‍ വിംഗ്, മാരിടൈം വിംഗ്, കമാന്‍ഡോ യൂണിറ്റുകള്‍, ഒരു പീരങ്കി റെജിമെന്റ് എന്നിവ ഉള്‍പ്പെടുന്നു. ഒട്ടക സേന, ഡോഗ് സ്‌ക്വാഡ്, ശക്തമായ പരിശീലന സൗകര്യങ്ങള്‍ എന്നിവയും ബിഎസ്എഫിലുണ്ട്.

അതിര്‍ത്തി സുരക്ഷയ്ക്കപ്പുറം, ആഭ്യന്തര സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ബിഎസ്എഫ് നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് ഒഡീഷയിലെയും ഛത്തീസ്ഗഡിലെയും ഇടതുപക്ഷ തീവ്രവാദത്തെ ചെറുക്കുകയും വിവിധ പ്രദേശങ്ങളിലെ സായുധ വംശീയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. അടുത്തിടെ മണിപ്പൂരിലെ ക്രമസമാധാനപാലനത്തില്‍ ബിഎസ്എഫ് ഇടപെട്ടിരുന്നു.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സുമായി (എന്‍ഡിആര്‍എഫ്) ചേര്‍ന്ന് പ്രകൃതിദുരന്ത നിവാരണത്തിലും ബിഎസ്എഫ് നിര്‍ണായക സംഭാവന നല്‍കുന്നു. ബിഎസ്എഫിന്റെ നാല് ബറ്റാലിയനുകള്‍ എന്‍ഡിആര്‍എഫിന്റെ ഭാഗമാണ്, അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നു. കെഎഫ് റുസ്തംജി ആയിരുന്നു ബിഎസ്ഫിന്റെ ആദ്യ തലവനും സ്ഥാപകനും.

ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എഫ് നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 1971-ലെ ഇന്ത്യ-പാക് യുദ്ധം, 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, 1999-ലെ കാര്‍ഗില്‍ സംഘര്‍ഷം, കാര്‍ഗില്‍ യുദ്ധകാലത്തെ ഓപ്പറേഷന്‍ വിജയ് എന്നിവയിലെ പങ്കാളിത്തം എന്നിവ ഇതില്‍ ചിലതാണ്.
യുദ്ധം, സമാധാനം, ചലഞ്ചിംഗ് നോ വാര്‍ നോ പീസ് (NWNP) തുടങ്ങിയ സാഹചര്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ബിഎസ്എഫ് കാര്യക്ഷമതയോടെ ഇടപെടുന്നു. അതിര്‍ത്തി സുരക്ഷ എന്നതിനപ്പുറം ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര സുരക്ഷാ വെല്ലുവിളികളില്‍ വരെ വ്യാപിക്കുന്നതാണ് അവരുടെ പ്രവര്‍ത്തനമേഖല.

'ഇന്ത്യയുടെ ആദ്യ പ്രതിരോധ നിര' എന്നാണ് ബിഎസ്എഫിനെ വിശേഷിപ്പിക്കുന്നത്. ഏരിയല്‍ സപ്പോര്‍ട്ടിനുള്ള എയര്‍ വിംഗ്, തീരദേശ സുരക്ഷയ്ക്കുള്ള ഒരു നാവിക വിഭാഗം, പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമാന്‍ഡോ യൂണിറ്റുകള്‍, കനത്ത ഫയര്‍ പവര്‍ സപ്പോര്‍ട്ടിനുള്ള പീരങ്കി റെജിമെന്റ് എന്നിവ അവയുടെ വൈവിധ്യകരമായ സേവനവിഭാഗങ്ങളില്‍ ചിലതാണ്.

രാജ്യത്തുടനീളമുള്ള ആഭ്യന്തര സുരക്ഷയ്ക്കും ദുരന്തനിവാരണ ശ്രമങ്ങള്‍ക്കും ഗണ്യമായ സംഭാവന നല്‍കുമ്പോള്‍ തന്നെ ഇന്ത്യയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ ബിഎസ്എഫ് പ്രതിജ്ഞാബദ്ധമാണ്.












Click it and Unblock the Notifications