യുപി തിരഞ്ഞെടുപ്പില്‍ മായാവതി മല്‍സരിക്കില്ല, ബിഎസ്പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സതീഷ് ചന്ദ്ര
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട ഉത്തര്‍ പ്രദേശില്‍ വന്‍ അവകാശവാദവുമായി ബിഎസ്പി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിഎസ്പി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി എംപി സതീഷ് ചന്ദ്ര പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിലും മായാവതി മല്‍സരിക്കില്ല. മുമ്പും അവര്‍ മല്‍സരിച്ചിട്ടില്ല. ബിജെപിയും എസ്പിയും സര്‍ക്കാര്‍ രൂപീകരിക്കില്ല. എസ്പിക്ക് 400 സ്ഥാനാര്‍ഥികള്‍ തികച്ചില്ല. പിന്നെ എങ്ങനെയാണ് 400 സീറ്റുകള്‍ അവര്‍ നേടുകയെന്വും സതീഷ് ചന്ദ്ര ചോദിച്ചു.
403 സീറ്റുകളാണ് ഉത്തര്‍ പ്രദേശ് നിയമസഭയിലുള്ളത്. 2017ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റുകളില്‍ ജയിച്ചു. എസ്പിയും കോണ്‍ഗ്രസും അന്ന് സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. എസ്പി 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മല്‍സരിച്ചത്. എസ്പിക്ക് 47 സീറ്റ് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 7 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിഎസ്പി 19 സീറ്റിലും ജയിച്ചു. ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങള്‍. എസ്പി മുന്നേറുമെന്നാണ് അഭിപ്രായ സര്‍വ്വെകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബിജെപിക്ക് ഭരണം നഷ്ടമാകില്ലെന്നും പ്രവചനമുണ്ട്. ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞേക്കാം.

അതിനിടെ, ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു. യോഗി സര്‍ക്കാരിലെ ഒരു മന്ത്രിയും മൂന്ന് എംഎല്‍എമാരുമാണ് രാജിവച്ചത്. ഇവര്‍ എസ്പിയില്‍ ചേരുകയും ചെയ്തു. മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് പുറമെ, റോഷന്‍ ലാല്‍ വര്‍മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍ എന്നീ എംഎല്‍എമാരുമാണ് രാജിവച്ചത്.
യോഗി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയായിരുന്നു സ്വാമി പ്രസാദ്. ഇദ്ദേഹത്തിന്റെ രാജി തീരെ പ്രതീക്ഷിച്ചതല്ല. ശക്തനായ ഒബിസി നേതാവ് കൂടിയാണ് അദ്ദേഹം. അഞ്ച് തവണ എംഎല്‍എ ആയിട്ടുണ്ട്. 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അതിന് മുമ്പ് ബിഎസ്പിയിലായിരുന്നു. ഒബിസി വോട്ടര്‍മാരാണ് എസ്പിയുടെ പ്രതീക്ഷ. ഇതിനെതിരെ ബിജെപി നീങ്ങിയിരുന്നത് സ്വാമി പ്രസാദിനെ വച്ചായിരുന്നു. ഇപ്പോള്‍ സ്വാമി പ്രസാദ് അഖിലേഷിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
അതേസമയം, യുപിയില്‍ ബിജെപി വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങി. ലഖ്‌നൗവില്‍ വീടുകള്‍ക്ക് മുമ്പില്‍ പോസ്റ്റര്‍ പതിച്ച് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് ഉദ്ഘാടനം ചെയ്തു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ചു. വികസനം വീടുകളിലെത്തി എന്ന പോസ്റ്ററാണ് ബിജെപി പതിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ചില്‍ കൂടുതല്‍ പേരുണ്ടാകരുത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. അതിനിടെ, എസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് നേരിടാന്‍ എന്‍സിപി തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications