ബുള്ളി ബായ് ആപ്പ് വിവാദം; ബംഗളൂരുവില്‍ ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണം ശക്തമാക്കി പൊലീസ്
മുംബൈ: മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ബായ് എന്ന ആപ്പുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ വച്ചാണ് മുംബൈ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോയിട്ടുണ്ട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ഒരു ആപ്പില്‍ അപ്ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ഈ ആപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
വിവാദം പൊട്ടിപ്പുറപ്പെട്ടു, അത് അവരുടെ 'ലേലത്തില്‍' പങ്കെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കും. അതിനിടെ, 'ബുള്ളി ബായ്' വിവാദത്തെക്കുറിച്ചുള്ള ഇന്ത്യാ ടുഡേയുടെ ചോദ്യങ്ങള്‍ക്ക് ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്ന ഗിറ്റ്ഹബ് പ്രതികരിച്ചു, പീഡനവും വിവേചനവും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഈ ആപ്പിലുണ്ടെന്ന് അവര്‍ പറയുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ദില്ലി പൊലീസ് കഴിഞ്ഞ ദിവസം ആപ്പിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചിലര്‍ ചേര്‍ന്ന് തന്റെ സ്വകാര്യ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും മോശം കമന്റുകള്‍ ഇടുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരവധി മുസ്ലിീം സ്ത്രീകളുടെ ചിത്രവും പേരും ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്ന 'ബുള്ളി ബായ്' ആപ്പിനെതിരെ കഴിഞ്ഞ ദിവസം തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഗിറ്റ്ഹബ് എപിഐയില്‍ നിര്‍മിച്ചതും 'സുള്ളി ഡീല്‍' ആപ് പോലെ പ്രവര്‍ത്തിക്കുന്നതുമായ ഒരു ആപ്പാണ് 'ബുള്ളി ബായ്'. ഗിറ്റ്ഹബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനില്‍ മുസ്ലിം സ്ത്രീകളുടെ ആക്ഷേപകരമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയും ലേലം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിത കമ്മിഷന്‍ ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്മത്ത് ആരയുടെ പരാതിയെ തുടര്‍ന്നാണ് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. ഈ ആപ്പിന്റെ പ്രചാരണത്തില്‍ താനും ഇരയായെന്ന് ഇസ്മത്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications