ആപ്പിലൂടെ മുസ്ലീം സ്ത്രീകളെ അപമാനിച്ച സംഭവം: പിന്നില്‍ പ്രവര്‍ത്തിച്ചത് 'വനിത', കസ്റ്റഡിയിലെടുത്ത് പൊലീസ്
മുംബൈ: മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ആപ്പ് വഴി ദുരുപയോഗം ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ഉത്തരാഖണ്ഡ് സ്വദേശിയായ സ്ത്രീ. ഇവരെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇവരെ മുംബൈയില്‍ എത്തിക്കും. ട്രാന്‍സിറ്റ് റിമാന്‍ഡിനായി ഇവരെ ഉത്തരാഖണ്ഡ് കോടതിയില്‍ ഹാജരാക്കും.

തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷമുള്ള കേസിലെ രണ്ടാമത്തെ കസ്റ്റഡിയാണിത്. ഇരുവരും കേസിലെ കൂട്ടുപ്രതികളും പരസ്പരം അറിയാവുന്നവരുമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവര്‍ സുഹൃത്തുക്കളാണെന്ന് പൊലീസ് അറിയിച്ചു. ബുള്ളി ബായ് ആപ്പ് വിവാദവുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളാണ് യുവതി കൈകാര്യം ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസമാണ് കേസില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ വച്ചാണ് വിശാല്‍ ഝായെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുംബൈയില്‍ എത്തിച്ച ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. ഇയാളെ ജനുവരി 10 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. യുവതിയെയും ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ യുവാവ് കേസില്‍ കൂട്ടുപ്രതിയാണെന്നും യുവതിയുമായി ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

നിരവധി മുസ്ലീം സ്ത്രീകളെ ആപ്പില്‍ ലേലത്തില്‍ വച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. ആപ്പിലെ ഫോട്ടോയിലുണ്ടായിരുന്ന യുവതികളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഗിറ്റ് ഹബ് എന്ന കമ്പനിയാണ് ഈ ആപ്പ് ഹോസ്റ്റ് ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പില്‍ ലേലത്തില്‍ വച്ചത്.

അതേസമയം, ഒരു മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ദില്ലി പൊലീസും കേസെടുത്തിട്ടുണ്ട്. ചിലര്‍ ചേര്‍ന്ന് തന്റെ സ്വകാര്യ ഫോട്ടോകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും മോശം കമന്റുകള്‍ ഇടുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരവധി മുസ്ലീം സ്ത്രീകളുടെ ചിത്രവും പേരും ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

സംഭവം വലിയ വിവാദമായതോടെ കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുന്ന ബുള്ളി ബായ് ആപ്പിനെതിരെ കഴിഞ്ഞ ദിവസം തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications