ഭാര്യയെയും പിഞ്ചോമനകളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവ വ്യവസായി തൂങ്ങിമരിച്ചു!
നീലേഷിന്റെ മൃതദേഹം സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലും, ഭാര്യയുടെയും പെൺകുട്ടികളുടെയും മൃതദേഹം കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
പൂണെ: ഭാര്യയെയും രണ്ട് കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവ വ്യവസായി തൂങ്ങിമരിച്ചു. പൂണെയിലെ പ്ലാസ്റ്റിക് വ്യവസായിയായ നീലേഷ് ചൗധരി(38), ഭാര്യ നീലം ചൗധരി(30) ഇവരുടെ പെൺമക്കളായ ശ്രാവണി(9), ശ്രേയ(7) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
നീലേഷിന്റെ മൃതദേഹം സീലിങ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലും, ഭാര്യയുടെയും പെൺകുട്ടികളുടെയും മൃതദേഹം കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ വായിൽ നിന്ന് നുരയും പതയും പുറത്തുവന്നനിലയിലായിരുന്നു.

വിഷം നൽകി...
വ്യവസായിയായ നീലേഷ് ചൗധരി ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നീലം ചൗധരിയുടെയും കുട്ടികളുടെയും വായിൽ നിന്ന് വിഷാംശം കലർന്ന നുരയും പതയും പുറത്തുവന്ന നിലയിൽ കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിന് അടിസ്ഥാനം.

രാത്രി...
നീലേഷിനെയും കുടുംബത്തെയും പുറത്തുകാണാത്തതിനെ തുടർന്ന് ഇവരുടെ അപ്പാർട്ട്മെന്റിലെത്തി അയൽവാസികൾ പരിശോധന നടത്തിയപ്പോഴാണ് നീലേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.

മൂന്നുപേർ...
തുടർന്ന് പോലീസെത്തി അപ്പാർട്ട്മെന്റിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ബാക്കി മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതോടൊപ്പം നീലേഷ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു.

ആത്മഹത്യാക്കുറിപ്പ്...
പൂണെയിലെ പ്ലാസ്റ്റിക്ക് റീമോൾഡിങ് വ്യവസായിയായ നീലേഷ് ചൗധരി സാമ്പത്തിക ബാധ്യതകൾ മൂലം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

വ്യവസായം...
പ്ലാസ്റ്റിക്ക് വ്യവസായിയായ നീലേഷ് ചൗധരിക്ക് അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നെന്നും, കടമെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബാദ്ധ്യതകൾ തന്നെയാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണം...
അതേസമയം, നീലം ചൗധരിയുടെയും മക്കളുടെയും മരണത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വിശദമായ വിവരം ലഭിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications