കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, വമ്പന്‍ ജയം, ഹനഗലില്‍ നാണംകെട്ട് ബിജെപി

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ കോട്ട തന്നെ പിടിച്ചെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഹിമാചലിലും രാജസ്ഥാനിലും കോണ്‍ഗ്രസ് തന്നെ നേട്ടമുണ്ടാക്കി. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണവും ഇതോടെ കോണ്‍ഗ്രസ് വര്‍ധിപ്പിച്ചു.

അതേസമയം മധ്യപ്രദേശിലും അസമിലുമാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത്. കോണ്‍ഗ്രസിനൊപ്പം പ്രാദേശിക കക്ഷികളും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പില്‍. പ്രതീക്ഷിച്ച അത്ര നേട്ടം ബിജെപിക്കുണ്ടായില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

1

കര്‍ണാടകത്തിലെ ഹംഗലിലാണ് കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയത്. ബിജെപിയുടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കോട്ടയാണ് ഇത്. അദ്ദേഹത്തിന് വന്‍ സ്വാധീനമുള്ള ഹവേരി ജില്ലയില്‍ നിന്നുള്ള മണ്ഡലമാണിത്. കോണ്‍ഗ്രസിന്റെ ശ്രീനിവാസ മാനെ 7598 വോട്ടിനാണ് വിജയിച്ചത്. ബിജെപിയുടെ ശിവരാജ് സജ്ജനാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നത്. വന്‍ തോല്‍വി ബൊമ്മെയ്ക്കുള്ള ഷോക്കാണ്. മുഖ്യമന്ത്രി പദത്തില്‍ നൂറ് ദിനം തികയ്ക്കുന്ന വേളയിലാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതേസമയം സിന്ദ്ഗിയില്‍ ബിജെപി ജയം ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് എത്തി കൊണ്ടിരിക്കെ ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഫലമാണ് ഹംഗലില്‍ നിന്ന് വന്നിരിക്കുന്നത്.

2

സിന്ദ്ഗിയില്‍ ബിജെപിയുടെ രമേശ് ബുസാനൂര്‍ 31185 വോട്ടിനാണ് വിജയിച്ചത്. മൊത്തം 93865 വോട്ടുകള്‍ രമേശിന് ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് മനഗുളി 62680 വോട്ട് നേടി. അതേസമയം ശിവരാജിന്റെ ജയം ഉറപ്പിക്കാന്‍ ഹനഗലില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു ബസവരാജ് ബൊമ്മെ, ചെറിയ മാര്‍ജിനില്‍ വിജയിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ ഈ മേഖലയില്‍ ജനപ്രിയനായിരുന്നു. ബസവരാജ് ബൊമ്മെ ക്യാമ്പിന്റെ വീര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്. യെഡിയൂരപ്പ പോയ വിഷയങ്ങള്‍ അടക്കം പാര്‍ട്ടിയെ തളര്‍ത്തും. ബൊമ്മെയെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ ശബ്ദം ബിജെപിയില്‍ ശക്തമാകുമെന്ന് ഉറപ്പാണ്.

3

ഹംഗല്‍ മണ്ഡലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിജെപിയുടെ ലിംഗായത്ത് വിഭാഗം നേതാവും കരുത്തനുമായ ബിഎസ് യെഡിയൂരപ്പയുടെ മണ്ഡലത്തിന്റെ അടുത്ത് കിടക്കുന്ന മണ്ഡലമാണിത്. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്.യെഡിയൂരപ്പ ഇവിടെ പ്രചാരണം നടത്തിയിരുന്നെങ്കിലും, പ്രചാരണം ശക്തമായിരുന്നല്ല. പേരിനൊരു പ്രചാരമെന്നതായിരുന്നു അവസ്ഥ. ഈ മേഖലയില്‍ നിന്നുള്ള മറ്റൊരു ശക്തനായ നേതാവ് ജഗദീഷ് ഷെട്ടാറും പ്രചാരണത്തില്‍ ആക്ടീവായിരുന്നില്ല. ലിംഗായത്ത് രാഷ്ട്രീയം ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരായ പ്രതിഫലിച്ചു എന്ന് വ്യക്തമാണ്.

4

കോണ്‍ഗ്രസ് സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. അഗ്രസീവായിരുന്നു പ്രചാരണം. ശ്രീനിവാസ മാനെ 2018ല്‍ ചെറിയ വോട്ടിനായിരുന്നു തോറ്റത്. എന്നാല്‍ അതിന് ശേഷം മണ്ഡലം വിട്ടുപോകാതെ ശക്തമായ പ്രവര്‍ത്തനം നടത്തിയ മാനെ കരുത്തനായി വളരുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഇതോടെ വളര്‍ന്നിരിക്കുകയാണ്. സിന്ദ്ഗിയില്‍ പക്ഷേ വന്‍ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായി. ജയം പ്രതീക്ഷിച്ചെങ്കിലും ബിജെപിക്കാണ് ജയം നേടാനായത്. ജെഡിഎസ്സിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ബിജെപിയും ജെഡിഎസ്സും തമ്മിലുള്ള ബന്ധമുണ്ടെന്ന് പ്രചാരണം നടത്തിയ കോണ്‍ഗ്രസ് മുസ്ലീം വോട്ടുകള്‍ പൂര്‍ണമായും സ്വന്തമാക്കുന്നതിനും വഴിയൊരുക്കി.

5

ഹിമാചലില്‍ ഭരണമാറ്റത്തിന്റെ സൂചന നല്‍കി കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും തൂത്തുവാരി. മാണ്ഡിയിലെ ലോക്‌സഭാ സീറ്റും മൂന്ന് നിയമസഭാ സീറ്റുമാണ് കോണ്‍ഗ്രസ് വിജയിച്ചത്. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ് മാന്‍ഡിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ഗില്‍ യുദ്ധ വീരന്‍ കുശാല്‍ ചന്ദ് താക്കൂറിനെ ഇറക്കിയിട്ടും ബിജെപി പരാജയപ്പെട്ടു. വീരഭദ്ര സിംഗിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി ജയറാം താക്കൂറിനെ സ്വന്തം ജില്ലയാണ് മാണ്ഡി. അദ്ദേഹത്തിന് ഈ തോല്‍വി വന്‍ തിരിച്ചടിയാണ്.

6

ഫത്തേപൂര്‍, ആര്‍ക്കി, ജുബ്ബായ്-കോട്ട്കായ് നിയമസബാ സീറ്റുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. അതേസമയം തോല്‍വിക്ക് കാരണം പണപ്പെരുപ്പവും വിലക്കയറ്റവുമാണെന്ന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ വല്ലഭ്‌നഗറില്‍ 20606 വോട്ടിന് കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. വന്‍ തിരിച്ചടിയാണ് ബിജെപിക്കിത്. ബംഗാളില്‍ ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. നാല് സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. ബീഹാറിലെ താരാപൂരില്‍ ആര്‍ജെഡി ജയത്തിലേക്ക് നീങ്ങുകയാണ്. 513 വോട്ടിന്റെ ലീഡാണ് പാര്‍ട്ടിക്കുള്ളത്. ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുടെ അഭയ് സിംഗ് ചൗത്താല 6739 വോട്ടിന് വിജയിച്ചു. എലനാബാദില്‍ നിന്നായിരുന്നു മത്സരം.

7

അസമിലാണ് കോണ്‍ഗ്രസിന് തിരിച്ചടിയേറ്റത്. സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ വന്‍ തകര്‍ച്ച നേരിടേണ്ടി വന്നു. അഞ്ച് സീറ്റിലും പാര്‍ട്ടിക്ക് തോല്‍വി നേരിടേണ്ടി വന്നു. മരിയാനയില്‍വ ബിജെപിയുടെ രൂപ്‌ജ്യോതി കുര്‍മി 40104 വോട്ടിനാണ് വിജയിച്ചത്. അതേസമയം ബീഹാറിലെ കുശ്വേശ്വര്‍ അസ്താനില്‍ ഫലം മാറി മറിയുകയാണ്. ജെഡിയു സ്ഥാനാര്‍ത്ഥി അമാന്‍ ഭൂഷണ്‍ ഹസാരി 12698 വോട്ടിന് മുന്നിലെത്തി. അദ്ദേഹം ജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ സീറ്റായിരുന്നു ഇത്. നേരത്തെ ആര്‍ജെഡിയായിരുന്നു ഇവിടെ ലീഡ് ചെയ്തിരുന്നത്. ദാദ്ര-നാഗര്‍ ഹവേലി ശിവസേന വിജയിച്ചതും അമ്പരിപ്പിക്കുന്നതായിരുന്നു. കാലാബെന്‍ ദേല്‍ക്കറെയാണ് ഇവിടെ ശിവസേന മത്സരിപ്പിച്ചത്.

8

അതേസമയം തെലങ്കാനയില്‍ കെസിആറിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഹുസുരാബാദില്‍ 11000 വോട്ടിനാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. 15 റൗണ്ടില്‍ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ബിജെപി ജയം ഉറപ്പിച്ച പോലെയാണ്. എടേല രാജേന്ദര്‍ കെസിആറിനോട് കണക്കുതീര്‍ത്തുവെന്ന് വ്യക്തമാണ്. മേഘാലയയില്‍ എന്‍പിപി രണ്ട് സീറ്റിലും യുഡിപി ഒരു സീറ്റിലും വിജയിച്ചു. മോപലാംഗില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. എല്ലാ മണ്ഡലങ്ങളിലും ഇത് തന്നെയായിരുന്നു സ്ഥിതി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടാണ് ഒരു സീറ്റില്‍ വിജയം നേടിയത്. ബംഗാളിലെ തോല്‍വി ബിജെപിയുടെ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്ന് കഴിഞ്ഞു. ദിലീപ് ഘോഷും സുവേന്ദു അധികാരിയുമാണ് പ്രതിക്കൂട്ടിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+