കര്‍ണാടക ഷോക്ക്: മധ്യപ്രദേശിലും വിമതർ, കേന്ദ്ര നേതൃത്വത്തിന്റെ ആ വാക്കില്‍ സീനിയേഴ്‌സിന് ചങ്കിടിപ്പ്
ഭോപ്പാല്‍: കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മുതല്‍ ബിജെപി ഷോക്കിലാണ്. വമ്പന്‍ നേതാക്കളെല്ലാം പാര്‍ട്ടി വിട്ടു. ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടത് ബിജെപിയെ ഞെട്ടിച്ചിരുന്നു. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലായിരുന്നു വിമത ഭീഷണി. ഇനി ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ബിജെപിയുടെ ശ്രമം.
മധ്യപ്രദേശ് തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി ഫോക്കസ് ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ കാര്യങ്ങളാണ് ഇവിടെയുമുള്ളത്. ഭരണവിരുദ്ധ വികാരമാണെങ്കില്‍ ഏറ്റവും രൂക്ഷമായ അവസ്ഥയിലും. ഈ സാഹചര്യത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന വ്യക്തമായ സൂചന നേതാക്കള്‍ നല്‍കിയിരിക്കുകയാണ്.

യുവ തലമുറയെ ഭരണമേല്‍പ്പിക്കും
മധ്യപ്രദേശിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടിരിക്കുന്നത്. സ്വയം കരിയര്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശമാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. സീനിയര്‍ നേതാക്കളോട് മാറി നില്‍ക്കാനാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. യുവജനതയെ മധ്യപ്രദേശിലെ ഭരണമേല്‍പ്പിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
അതിലൂടെ സംസ്ഥാനത്ത് അധികാരം പിടിക്കാനാവുമെന്നാണ് ബിജെപി കരുതുന്നത്. പക്ഷേ കേന്ദ്രത്തിന്റെ സന്ദേശം നടപ്പിലാക്കാന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. വളരെ സംഘര്‍ഷഭരിതമായ അവസ്ഥയിലേക്കാണ് മധ്യപ്രദേശ് ബിജെപി ഇനി പോകുന്നത്.
ബിജെപിയുടെ വന്‍ സന്നാഹം
ബിജെപിയുടെ വന്‍ സന്നാഹമാണ് കഴിഞ്ഞയാഴ്ച്ച സംസ്ഥാനത്തെത്തിയത്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ സംഘത്തിലുണ്ടായിരുന്നു. ഒപ്പം കേന്ദ്ര നേതാക്കളുമുണ്ടായിരുന്നു. ഇവര്‍ പാര്‍ട്ടിയിലെ വെറ്ററന്‍ നേതാക്കളില്‍ നിന്ന് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞു. പാര്‍ട്ടിയുടെ നേട്ടത്തിനായി വഴിമാറി കൊടുക്കണമെന്ന് ഇവരെ ഈ സംഘം ബോധ്യപ്പെടുത്തുകയും ചെയ്തു.
ആറ് മാസം മാത്രമാണ് ഇനി തിരഞ്ഞെടുപ്പിന് ഉള്ളത്. വിമത ഭീഷണി എന്ത് വന്നാലും ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. നേരത്തെ വിമതരാണ് ഹിമാചലില്‍ ഭരണം നഷ്ടമാക്കിയതിന് പിന്നില്‍. കര്‍ണാടകയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
വിമതര്‍ വാളെടുത്ത് തുടങ്ങി
മധ്യപ്രദേശില്‍ വിമത ഭീഷണി ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. മൂന്ന് വട്ടം ബിജെപി എംഎല്‍എയായ ദേശ് രാജ് സിംഗ് യാദവിന്റെ മകന്‍ യാദവേന്ദ്ര സിംഗ് യാദവ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. ഗ്വാളിയോറിലെ മുഗോളിയില്‍ നിന്ന് യാദവേന്ദ്രയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ഇവിടെ സിന്ധ്യ പക്ഷക്കാരനായ ബ്രജേന്ദ്ര സിംഗാണ് എംഎല്‍എ. മുന്‍ ഖാര്‍ഖോണ്‍ എംപി മഖന്‍ സിംഗ് സോളങ്കിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദിഗ് വിജയ് സിംഗാണ് മഖന്‍ സിംഗിനെ അടര്‍ത്തിയെടുക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചത്.
ബിജെപിക്ക് അടി പതറുന്നുവോ?
കോണ്‍ഗ്രസിലേക്കുള്ള കൂറുമാറ്റം വലിയ മുന്നറിയിപ്പ് ബിജെപിക്ക് നല്‍കുന്നത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടാല്‍ നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് ഇതോടെ ഉറപ്പായിരിക്കണം. നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നാല് ജില്ലകളില്‍ വരെ സന്ദര്‍ശനം നടത്തി, സീനിയര്‍ നേതാക്കളെ കൂറുമാറ്റത്തില്‍ നിന്ന പിന്തിരിപ്പിക്കാനാണ് ശ്രമം.
എന്നാല്‍ പല എംഎല്‍എമാരും അവരുടെ അതൃപ്തി അറിയിച്ച് കഴിഞ്ഞു. സീനിയര്‍ നേതാക്കളെ തഴഞ്ഞാല്‍ വലിയ പ്രതാഘാതങ്ങളുണ്ടാവുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
പരാതികളുടെ പ്രളയം
പലയിടത്തും സീനിയര്‍ നേതാക്കള്‍ക്ക് റോളില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥരാണ് സര്‍ക്കാരിനെ ഭരിക്കുന്നതെന്നാണ് പരാതി. ഖാര്‍ഗോണ്‍, കാണ്ട്വ, ബുര്‍ഹാന്‍പൂര്‍ എന്നീ ജില്ലകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. സീനിയര്‍ നേതാക്കള്‍ പറഞ്ഞതൊന്നും ഈ ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ല.
നാലോ അഞ്ചോ തവണ വിജയിച്ചവര്‍ക്കൊന്നും ടിക്കറ്റ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മുപ്പത് കൊല്ലത്തോളമായി ഒരു നേതാവിന്റെ കോട്ടയായി അറിയപ്പെടുന്ന മണ്ഡലങ്ങളിലെല്ലാം യുവനേതാക്കളെ മത്സരത്തിന് ഇറക്കും. പക്ഷേ ഇതെല്ലാം ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷമേ അറിയൂ.












Click it and Unblock the Notifications