യുപിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് കത്തിയമർന്നു; കുട്ടിയടക്കം 8 പേർ വെന്തുമരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ ഭോജിപുരയ്ക്ക് സമീപം ബറേലി-നൈനിറ്റാൾ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം എട്ട് പേർ കാറിൽ വെന്തുമരിച്ചു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. കാർ സെൻട്രൽ ലോക്ക് ആയതിനാൽ ഇവർക്ക് പുറത്തു കടക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
കൂട്ടിയിടിയിൽ ട്രക്കിന്റെ ഡമ്പറിൽ ഇടിച്ചതിനെ തുടർന്ന് ടയർ പൊട്ടുകയും കാർ ഹൈവേയുടെ എതിർവശത്ത് നിന്ന് തെന്നിമാറുകയും ചെയ്യുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്ന് മണൽ ചരൽ കയറ്റി വന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. മാരുതി സുസുക്കി എർട്ടിഗയാണ് അപകടം പറ്റിയ കാറെന്നാണ് ലഭ്യമായ വിവരം.

ഭോജിപുരയ്ക്ക് അടുത്ത് വച്ചാണ് അപകടനം നടന്നത്. കാർ സെൻട്രൽ ലോക്ക് ആയിരുന്നതിനാൽ കാറിനുള്ളിലെ ആളുകൾക്ക് തീപിച്ചപ്പോഴും പുറത്തുകടക്കാനായില്ല. മൃതദേഹങ്ങൾ എല്ലാം പുറത്തെടുത്തു. 7 മുതിർന്നവരും ഒരു കുട്ടിയുമാണ് അതിലുള്ളത്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്, തുടർനടപടികൾ നടന്നുവരികയാണ്; ബറേലി എസ്‌എസ്‌പി ഗുലെ സുശീൽ ചന്ദ്രഭൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അപകടത്തെത്തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചതോടെ വലിയ സ്ഫോടനം ഉണ്ടായി. ഇതിന് പിന്നാലെ നാട്ടുകാർ അവരുടെ വീടുകളിൽ നിന്ന് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി അഗ്നിശമനാ സേനയുടെ സഹായം തേടിയെങ്കിലും ഗുണമുണ്ടായില്ല. കാർ ലോക്കായതിനാൽ അതിലെ യാത്രക്കാർക്ക് പുറത്ത് കടക്കാനും കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.












Click it and Unblock the Notifications