ഇസ്രത് ജഹാന്‍ കേസ്: അമിത് ഷായ്‌ക്കെതിരെ തെളിവില്ല
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വലം കൈ അമിത് ഷായ്ക്ക് ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പങ്കില്ലെന്ന് സി ബി ഐ. അമിത് ഷായ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി തെളിവില്ലെന്ന് സി ബി ഐ പ്രത്യേക കോടതിയില്‍ അറിയിച്ചു. 2004 ല്‍ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു അമിത് ഷാ.
ലോക്‌സഭ തിരഞ്ഞെടുപ്പ് വെറും രണ്ട് ഘട്ടങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബി ജെ പി ക്യാംപിന് ആശ്വാസം പകരുന്നതാണ് സി ബി ഐയുടെ ഈ നീക്കം. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനായി വന്നവര്‍ എന്നാരോപിച്ച് ഇസ്രത് ജഹാനും മറ്റ് മൂന്ന് പേരെയും ക്രൈംബ്രാഞ്ച് ഏറ്റുമുട്ടല്‍ വധിച്ചു. എന്നാല്‍ ഈ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നു എന്ന് ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘം പിന്നീട് കണ്ടെത്തി.

ഇസ്രത് ജഹാനൊപ്പം മലയാളിയായ പ്രാണേഷ് കുമാറും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ കേസില്‍ പ്രതിചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് പ്രാണേഷ് കുമാറിന്റെ അച്ഛനാണ് പ്രത്യേക കോടതിയെ സമീപിച്ചത്. അമിത് ഷായ്ക്ക് പുറമെ മുന്‍ ഡി ജി പി കെ ആര്‍ കൗശികിനെയും പ്രതി ചേര്‍ക്കണം എന്നായിരുന്നു ആവശ്യം.
സി ബി ഐയുടെ ചാര്‍ജ്ജ് ഷീറ്റില്‍ അമിത് ഷാ മാത്രമല്ല, ഒരു രാഷ്ട്രീയ നേതാവിന്റെ പോലും പേരില്ല. കെ ആര്‍ കൗശിക് സാക്ഷിപ്പട്ടികയിലുള്ള ആളാണ് എന്നും സി ബി ഐ പ്രത്യേക കോടതിയില്‍ പറഞ്ഞു. ബി ജെ പിയുടെ ജനറൽ സെക്രട്ടറിയായ അമിത് ഷാ ഇപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുകയാണ്.












Click it and Unblock the Notifications