കോവിഡ് വ്യാപനം രൂക്ഷം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയേക്കും?
ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നേരത്തെ മാറ്റിവെച്ച പരീക്ഷ നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സിബിഎസ്ഇ. എന്നാൽ നിലവിലെ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്ന് ബോർഡ് പിന്മാറിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. രണ്ടാഴ്ചകൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അവശ്യമെങ്കിൽ പരീക്ഷകൾ റദ്ദാക്കിയേക്കും.

ഇത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സിബിഎസ്ഇ നീട്ടിവച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു.
"കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം കഴിഞ്ഞ വർഷത്തേക്കാൾ നാല് മടങ്ങ് മോശമാണ്. വരും മാസങ്ങളിലും സ്കൂളുകൾ അടഞ്ഞുതന്നെ കിടക്കാനുള്ള സാധ്യതയാണുള്ളത്. ജൂണിൽ ഒരു അവലോകനത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ നടക്കാൻ സാധ്യതയില്ല," മുതിർന്ന സിബിഎസ്ഇ ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെങ്കിൽ പരീക്ഷ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ഓൺലൈനായി പരീക്ഷകൾ നടത്താമെന്ന നിർദേശവും മുന്നോട്ടു വന്നിട്ടുണ്ട്. ഇത്രയധികം കുട്ടികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓൺലൈനായി പരീക്ഷ എഴുതുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുക പ്രയോഗികമല്ലെന്നാണ് ഇതിന്റെ മറുവാദം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടൻ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്കു നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാമെന്ന നിർദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.
സ്റ്റൈലിഷായി നടി പ്രിയ ആനന്ദ്, ചിത്രങ്ങൾ












Click it and Unblock the Notifications