വിദേശ സഞ്ചാരികള്‍ക്ക് ഇനി ഇന്ത്യ കാണാം; ടൂറിസ്റ്റ് വിസ ഒക്ടോബര്‍ 15 മുതല്‍, അറിയേണ്ട കാര്യങ്ങള്‍
ദില്ലി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കിയത്. എന്നാല്‍ ഇപ്പോഴിതാ സഞ്ചാരികള്‍ക്ക് ഇന്ത്യ വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 15 മുതല്‍ വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്രം വ്യാഴാഴ്ച പ്രഖ്യാപിച്ചു.
എന്നിരുന്നാലും, ഒരു മാസത്തേക്ക്, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കൂ. ഷെഡ്യൂള്‍ ചെയ്ത കൊമേഷ്യല്‍ വിമാനങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 15 വരെ കാത്തിരിക്കണമെന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
വിവിധ ഇന്‍പുട്ടുകള്‍ പരിഗണിച്ചതിന് ശേഷം, 2021 ഒക്ടോബര്‍ 15 മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലൂടെ ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്ക് പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. ചാര്‍ട്ടേഡ് എയര്‍ക്രാഫ്റ്റ് ഒഴികെയുള്ള വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് നവംബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ കഴിയുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ അറിയിക്കുന്ന കോവിഡ് -19 സംബന്ധമായ എല്ലാ പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും വിദേശ വിനോദ സഞ്ചാരികളും അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാരിയറുകളും പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് വിസയിലും അന്താരാഷ്ട്ര യാത്രായിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഈ തീരുമാനം ഒരു മാസത്തിലേറെയായി സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പകര്‍ച്ചവ്യാധി സമയത്ത് ടൂറിസം, ഹോട്ടല്‍ മേഖല ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിച്ചതിനാല്‍ ടൂറിസ്റ്റ് വിസ ഉടന്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൈവരിച്ച പ്രതിരോധ കുത്തിവയ്പ്പുകളുടെ വര്‍ദ്ധന, രാജ്യത്തിന്റെ വലിയ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അണുബാധകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതുമാണ് വിസ അനുവദിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ഒക്ടോബര്‍ 6 ന് രാജ്യത്ത് 22,431 പുതിയ കൊറോണ വൈറസ് അണുബാധകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡിനെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖല കനത്ത പ്രതിസന്ധിയാണ് നേരിട്ടത്. നിയന്ത്രണങ്ങളിലെ ലഘൂകരിക്കുന്നതിന് പിന്നില്‍ സാമ്പത്തിക മേഖലയെ പുനരുജ്ജീവിക്കുക എന്നൊരു ലക്ഷ്യവും സര്‍ക്കാരിനുണ്ട്. അതേസമയം, പെട്ടെന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണ് നവംബര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Recommended Video
തുടക്കത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് ഒരുമിച്ച് അല്ലെങ്കില്‍ ഒരു ട്രാവല്‍ കമ്പനി വഴി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരു ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വാടകയ്‌ക്കെടുക്കാം. പതിവ് ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15 മുതല്‍ മാത്രമേ ആരംഭിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. കൊവിഡ് മഹാമാരി കാരണം, വിദേശികള്‍ക്ക് അനുവദിച്ച എല്ലാ വിസകളും കഴിഞ്ഞ വര്‍ഷം നിര്‍ത്തിവച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രം അന്താരാഷ്ട്ര യാത്രകള്‍ക്കുമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications