ക്രമസമാധാന നില ഉറപ്പാക്കണം, പൊതുമുതൽ നശിപ്പിക്കാനുള്ള ശ്രമം തടയണം: ഭാരത് ബന്ദിന് കേന്ദ്രത്തിന്റെ മാർഗ്ഗനിർദേശങ്ങൾ
ദില്ലി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപക ബന്ദ് നടക്കാനിരിക്കെ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. പ്രതിപക്ഷ പാർട്ടികളും നിരവധി ട്രേഡ് യൂണിയനുകളും ഗതാഗത സംഘടനകളും അഭിഭാഷകരുടെ ഏഴ് സംഘടനകളും പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭാരത് ബന്ദിന് കേന്ദ്രസർക്കാർ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്.

ക്രമസമാധാന നില
ക്രമസമാധാന നില ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ബന്ദിനിടെ പൊതുമുതലുകൾ നശിപ്പിക്കാനുള്ള ശ്രമം ഏത് വിധേനയും തടയാനും നിർദേശിച്ചിട്ടുണ്ട്. കൂടാതെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മാർഗ്ഗനിർദേശം വീഴ്ചകളില്ലാതെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

അക്രമങ്ങൾക്ക് മുന്നറിയിപ്പ്
ഭാരത് ബന്ദിനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യപരമായി നേരിടുന്നതിൽ പ്രശ്നമില്ല. എന്നാൽ ഭാരത് ബന്ദിൽ അക്രമങ്ങൾക്ക് ഇടമില്ല. ചില രാഷ്ട്രീയ കക്ഷികൾ കർഷകരെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായുള്ള ഗൂഢാലോചനയെ തള്ളിക്കളയാനും മന്ത്രി കർഷകരോട് ആവശ്യപ്പെട്ടിരുന്നു.

ബലപ്രയോഗം വേണ്ട
ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് ബലം പ്രയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ പൊതു സ്ഥലത്ത് നാല് പേരിലധികം കൂട്ടം കൂടുന്നത് വിലക്കിക്കൊണ്ട് ഗുജറാത്ത് ഡിജിപി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ടോൾ ബൂത്തുകളിലുടെ ടോൾ നൽകാതെ സൌജന്യമായി വാഹനങ്ങൾ കടത്തിവിടാനാണ് പദ്ധതിയിടുന്നത്. കർഷക പ്രതിഷേധത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് കട കമ്പോളങ്ങൾ ഡിസംബർ എട്ടിന് പൂർണ്ണമായി അടച്ചിടാനാണ് അഭ്യർത്ഥിച്ചിട്ടുള്ളത്. വൈകിട്ട് മൂന്ന് മണി വരെ ചക്ക ജാം അരങ്ങേറും.

വിവാഹത്തിനും ആംബുലൻസിനും
ഡിസംബർ എട്ടിന് നടക്കുന്ന ഭാരത് ബന്ദിനിടെ ആംബുലൻസുകൾ, വിവാഹവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ എന്നിവ കടത്തിവിടുമെന്ന് കർഷക നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാൽ, പച്ചക്കറി അവശ്യവസ്തുുക്കൾ വിൽക്കുന്ന കടകൾകളോടും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെയും ആസാദ് നഗർ പഴം- പച്ചക്കറി കടകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കും. മുംബൈയിൽ ബിഇഎസ്ടി ബസുകൾ സർവീസ് നടത്തും. ദില്ലിയിലെ കൊണോട്ട് പ്ലേസ് മാർക്കറ്റും തുറന്ന് പ്രവർത്തിക്കും.

ഒപ്പത്തിനൊപ്പം പ്രതിപക്ഷ പാർട്ടികൾ
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിരോമണി അകാലിദൾ, എൻസിപി, ഡിഎംകെ, തെലങ്കാന രാഷ്ട്രസമിതി, ആർജെഡി, ആപ്പ്, ജെഎംഎം, കശ്മീരിലെ പീപ്പിൾസ് ഡിക്ലറേഷൻ ഓഫ് ഗുപ്കാർ അലയൻസ് എന്നീ പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് പിന്തുണയറിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഇതിനായി റാലികളും പ്രകടനങ്ങളും ആസൂത്രണം ചെയ്തിട്ടുമുണ്ട്.












Click it and Unblock the Notifications