ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളും വേണം; ചീഫ് ജസ്റ്റിസിനോട് കേന്ദ്രം
ന്യൂദല്‍ഹി: ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയത്തില്‍ സ്വന്തം പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. നിലവിലുള്ള ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനത്തില്‍ സുതാര്യത നല്‍കുന്നതിനായി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു.
സുപ്രീം കോടതി രൂപീകരിച്ച 25 വര്‍ഷം പഴക്കമുള്ള, ദ്വിതല കൊളീജിയത്തില്‍ ആണ് സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിരിക്കുന്നത്.

കൊളീജിയം സംവിധാനത്തിന് സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്ന് നേരത്തെ കിരണ്‍ റിജിജു പറഞ്ഞിരുന്നു. അതിനാല്‍ സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന പാനലില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളേയും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്ന പാനലില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തണം എന്നാണ് കിരണ്‍ റിജിജു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കിരണ്‍ റിജിജുവിനെ കൂടാതെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കര്‍ എന്നിവരും കൊളീജിയം സംവിധാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിലവിലെ സുപ്രീംകോടതി കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ്, എം ആര്‍ ഷാ, അജയ് റസ്‌തോഗി, സഞ്ജീവ് ഖന്ന എന്നിവര്‍ ആണ് ഉള്ളത്.
സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാരുടെ പേരുകള്‍ അംഗീകരിക്കുന്നതിലുണ്ടായ കാലതാമസത്തെ ചൊല്ലി സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. നിയമനങ്ങളിലെ കാലതാമസത്തില്‍ സുപ്രീംകോടതി ആശങ്ക പരസ്യമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി ആറിന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കേന്ദ്രം സമയക്രമം പാലിക്കുമെന്നും 44 പേരുകള്‍ ഉടന്‍ അംഗീകരിക്കുകയും ചെയ്യുമെന്ന് കോടതിയെ അറിയിച്ചിരുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റുമാ പാല്‍ കൊളീജിയം സംവിധാനത്തിന് എതിരെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രംഗത്തെത്തിയിരുന്നു. ഇത് ആയുധമാക്കിയാണ് കിരണ്‍ റിജിജു തുടര്‍ച്ചയായി കൊളീജയത്തെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള സംവിധാനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമായാണ് സുപ്രീംകോടതി കാണുന്നത്.












Click it and Unblock the Notifications