'കേന്ദ്ര ഓര്‍ഡിനന്‍സ് ഡല്‍ഹിയില്‍ മാത്രമല്ല, എല്ലാ സംസ്ഥാനത്തും വരും', മുന്നറിയിപ്പുമായി കെജ്രിവാള്‍
ന്യൂഡല്‍ഹി: കേന്ദ്രം ഓര്‍ഡിനന്‍സിലൂടെ ആക്രമിക്കുന്ന ആദ്യ സംസ്ഥാനമാണ് ഡല്‍ഹിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ' മറ്റ് സംസ്ഥാനങ്ങളിലെല്ലാം സമാനമായ ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം കൊണ്ടുവരുമെന്നും' കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.
രാംലീല മൈതാനിയില്‍ ആംആദ്മി പാര്‍ട്ടിയുടെ മഹാറാലിയിലാണ് കെജ്രിവാള്‍ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നത്. "കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും, ഡല്‍ഹിയില്‍ ജനാധിപത്യമില്ലെന്നാണ് അത് തെളിയിക്കുന്നതെന്നും" കെജ്രിവാള്‍ പറഞ്ഞു.

"ഡല്‍ഹിയില്‍ ഏകാധിപത്യവും, ലെഫ്. ഗവര്‍ണറുമാണ് പരമാധികാരി. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ആര്‍ക്കും വോട്ട് ചെയ്യാം. എന്നാല്‍ കേന്ദ്രമായിരിക്കും ഡല്‍ഹി നിയന്ത്രിക്കുകയെന്നും'" കെജ്രിവാള്‍ പറഞ്ഞു.
" രാജ്യം മുഴുവന്‍ ഞാന്‍ സഞ്ചരിച്ചത്, ഡല്‍ഹിയിലെ ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഉറപ്പുവരുത്താനാണ്. 140 കോടി ജനങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രം ആക്രമിക്കുന്ന ആദ്യ നഗരമാണ് ഡല്‍ഹി. രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും അടക്കം കേന്ദ്രം ഇത്തരം ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരും" എന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.
" ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ നടത്തുന്ന വികസനത്തെ തടയാാണ് മനീഷ് സിസോദിയയെയും, സത്യേന്ദര്‍ ജെയിനിനെയും കേന്ദ്രം അറസ്റ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒന്നല്ല നൂറ് സിസോദിയമാരും, ജെയിനുമാരും ഉണ്ട്. അവര്‍ നല്ല വികസന പ്രവര്‍ത്തികള്‍ തുടരും" എന്നും കെജ്രിവാള്‍ പറഞ്ഞു.
" സുപ്രീം കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍, അതിനെ ഹിറ്റ്‌ലറിസമെന്ന് നമ്മള്‍ വിളിക്കണം. ഇത് മോദിയുടെ കരിനിയമമാണ്. അദ്ദേഹം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നാണ് അത് തെളിയിക്കുന്നത്. ഇന്ന് ജനങ്ങളല്ല പരമാധികാരി. പകരം ലെഫ്. ഗവര്‍ണറാണ്".
"എഎപി പ്രവര്‍ത്തകര്‍ ചെയ്ത ഓരോ നല്ല പ്രവര്‍ത്തിയെയും ഇല്ലാതാക്കാനായി ഇറങ്ങിയിരിക്കുകയാണ് നരേന്ദ്ര മോദി. രാജ്യത്തെ ഭരണഘടന തന്നെ അദ്ദേഹം മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇത്രയും ധാര്‍ഷ്ട്യമുള്ള ഒരു പ്രധാനമന്ത്രിയെ രാജ്യം കണ്ടിട്ടില്ല. സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടും, അത് പാലിക്കാന്‍ മോദി തയ്യാറാവുന്നില്ല. ഇതാണ് ഏകാധിപത്യം" എന്നും കെജ്രിവാള്‍ പറഞ്ഞു.
" ഈ ഓര്‍ഡിനന്‍സ് എല്ലായിത്തേക്കും എത്തും. ഈ ട്രെന്‍ഡ് ഡല്‍ഹിയില്‍ തന്നെ അവസാനിപ്പിക്കണം. ഏകാധിപത്യത്തെ അവസാനിപ്പിക്കാനുള്ള നടപടികള്‍ ഡല്‍ഹിയില്‍ തന്നെ തുടക്കമാവട്ടെ. ഇപ്പോള്‍ തന്നെ അതിനെ തടയേണ്ടതുണ്ട്. നമ്മള്‍ എല്ലാം ചേര്‍ന്ന് അതിനെ തടയും. എന്തിനാണ് മോദി ഡല്‍ഹിയെ ഇങ്ങനെ ആക്രമിക്കുന്നത്. 2014ല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴ് സീറ്റും ബിജെപിക്കാണ് നല്‍കിയത്. രാജ്യത്തെ നിങ്ങള്‍ ഭരിക്കുവെന്നും അവര്‍ പറഞ്ഞതാണ്".
"2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബിജെപിക്ക് ജനങ്ങള്‍ നല്‍കിയത്. ഞാന്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി കാര്യങ്ങള്‍ നല്‍കി എന്നാണ് മോദി പറഞ്ഞത്. എന്താണ് അതിലെ പ്രശ്‌നം. രാജ്യവും, കേന്ദ്ര സര്‍ക്കാരും നിങ്ങള്‍ സുഹൃത്തുക്കള്‍ക്കായി നല്‍കി. ഞാന്‍ കുറച്ച് വാഗ്ദാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തത്" എന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications