കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ ലക്ഷണം ലോകത്ത് പ്രകടമായിക്കഴിഞ്ഞു: മുന്നറിയിപ്പുമായി കേന്ദ്രം
ദില്ലി: കൊവിഡിന്റെ മൂന്നാം തരംഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങൾ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നാണ് നീതി ആയോഗ് അംഗം ഡോ. വികെ പോൾ മുന്നറിയിപ്പ് നൽകുന്നു. ഓരോ ദിവസവും 3.9 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ആദ്യത്തോടെയുണ്ടായ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ആഗോളതലത്തിൽ ഒൻപത് ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കോവിഡ് -19 (എൻഇജിവിസി) ചെയർമാൻ കൂടിയാണ് ഡോ. വികെ പോൾ. ഇന്ത്യയെ മൂന്നാം തരംഗം എപ്പോൾ ബാധിക്കുമെന്ന് ചർച്ച ചെയ്യുന്നതിനുപകരം മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ അശ്രദ്ധ സംഭവിച്ചാൽ കേസുകളിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

മെയ് 5 നും മെയ് 11 നും ഇടയിൽ ശരാശരി പുതിയ കേസുകൾ 3,87,029 ൽ നിന്ന് ജൂലൈ 7 നും ജൂലൈ 13 നും ഇടയിൽ 40,841 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച ഇതേ വാർത്താ സമ്മേളനത്തിൽ സംസാരിച്ച ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ചട്ടങ്ങളുടെ ലംഘനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
ചില ആളുകൾ മാസ്ക് ധരിക്കാത്തത് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ്. എന്നാൽ മറ്റ് ചിലർക്ക് അനുചിതമായി തോന്നുന്നതിനാൽ താടിയിലേക്കോ മുഖത്തിന്റെ ഏതെങ്കിലും വശത്തേക്കോ മാറ്റിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സാമൂഹിക അകസം പാലിക്കുന്നതിനാൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നതിനാൽ ആണ് നല്ലൊരു ശതമാനം ആളുകളും മാസ്കിനോട് വിമുഖത കാണിക്കുന്നതെന്നാണ് ആളുകൾ മാസ്ക് ധരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് ലാവ് അഗർവാൾ പ്രതികരിച്ചത്. അടുത്തിടെ നടന്ന ഒരു സർവേയെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ മറുപടി.












Click it and Unblock the Notifications