വിശ്വാസം നേടി ചംപെയ് സോറൻ സർക്കാർ,47 പേരുടെ പിന്തുണ; അറസ്റ്റിൽ രാജ്ഭവനും പങ്കെന്ന് ഹേമന്ത് സോറൻ
റാഞ്ചി: ജാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ജെ എം എം സഖ്യസർക്കാർ. 81 അംഗ സഭയിൽ 47 പേരുടെ പിന്തുണയാണ് ചാംപെയ് സോറൻ സർക്കാരിന് ലഭിച്ചത്. 29 പേർ എതിർത്ത് വോട്ടു ചെയ്തു.കേവല ഭൂരിപക്ഷത്തിന് 41 വോട്ടുകളായിരുന്നു ആവശ്യം. ജെ എം എമ്മിന്- 30 ,കോൺഗ്രസ്- 16 ആർ ജെ ഡി 1 എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില.
കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഹേമന്ത് സോറൻ രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി 2 നായിരുന്നു ചംപായ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്നാണ് സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങിയത്. കൂറുമാറ്റം തടയാനായി എം എൽ എമാരെ ഭരണകക്ഷി ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു ഇവരെ തിരികെ എത്തിച്ചത്. രാവിലെ 10.30 ഓടെയാണ് വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചത്.

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. കനത്ത സുരക്ഷിയിലായിരുന്നു അദ്ദേഹം സഭയിലെത്തിയത്.സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.
തന്റെ അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്നാണ് സോറന്‍ സഭയില്‍ സംസാരിക്കുന്നതിനിടെ വിശേഷിപ്പിച്ചത്. ബി ജെ പിക്കെതിരെ സോറൻ ആഞ്ഞടിച്ചു. തന്റെ ജയിലിലടക്കാൻ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വലിയ ഗൂഢാലോചന നടത്തിയെന്ന് ഹേമന്ത് ആരോപിച്ചു. അറസ്റ്റിൽ രാജ്ഭവനും പങ്കുണ്ടെന്നും സോറൻ കുറ്റപ്പെടുത്തി. തന്റെ അറസ്റ്റിനുള്ള തിരക്കഥ 2022-ൽ തന്നെ തയ്യാറാക്കിയിരുന്നു. ആ ഗൂഢാലോചനയാണ് ജനുവരി 31-ല്‍ നടപ്പാക്കിയത്. ഭൂമി കുംഭകോണ കേസിൽ തനിക്കെതിരെ തെളിവ് സമർപ്പിക്കാനും ബി ജെ പിയെ സോറൻ വെല്ലുവിളിച്ചു. 8.5 ഏക്കര്‍ ഭൂമി തട്ടിപ്പ് കേസിലാണ് എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍, അവര്‍ എന്റെ പേരില്‍ രജിസ്റ്റര്‍ചെയ്ത പ്രസ്തുത ഭൂമിയുടെ രേഖകൾ കാണിക്കണം. തെളിവ് നൽകിയാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാണെന്നും സോറൻ പറഞ്ഞു.
റാഞ്ചിയിൽ വിവിധ സ്ഥലങ്ങളിൽ വ്യാജരേഖ ചമച്ച് ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് കേസ്. 13 പേർ കേസിൽ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications