ചന്ദ്രയാൻ- 3: പ്രഗ്യാൻ റോവർ സ്ലീപ്പ് മോഡിലേക്ക് മാറ്റി; ഇനി സെപ്റ്റംബർ 22 വരെ കാത്തിരിപ്പ്
ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്ത ചന്ദ്രയാൻ- 3 താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചു. പ്രഗ്യാൻ റോവർ ഉപകരണങ്ങളുടെ പ്രവർത്തനം നിലപ്പിച്ച് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിട്ടാണ് ഉള്ളത്. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കാെണ്ടാണ് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്.
സൂര്യ പ്രകാശം ഇല്ലെങ്കിൽ പേടകത്തിലെ സോളാർ പാനൽ ഉപയോഗിച്ച് ഊർജം സംഭരിച്ച് ഉപകരണങ്ങൾ പ്രവർത്തിക്കാൻ സാധിക്കില്ല. അത് കാെണ്ട് ആണ് ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തുകയും റോവർ സ്ലീപ്പിംഗ് മോഡിലേക്ക് കാെണ്ടുവരികയും ചെയ്തിരിക്കുന്നത്.
ഇത് വരെ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ലാൻഡറിന്റെ പ്രവർത്തനവും നിലയ്ക്കും. അതേസമയം റോവറിന്റെ ബാറ്ററി നിലവിൽ പൂർണമായും ചാർജ് ചെയ്ത നിലയിലാണ്.

സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക. ' റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും.
അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പ്, ' ഐ എസ് ആർ ഒ എക്സിൽ കുറിച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നുവെങ്കിൽ ഇനിയുള്ള രണ്ട് ആഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തന ക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 കാത്തിരിക്കണം.
ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിലൂടെ ഇന്ത്യ നേടിയത്. അതേസമയം ചന്ദ്രന്റെ ദക്ഷിൺ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആഗസ്റ്റ് 23 ന് 6.04 ന് ആയിരുന്നു ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിഗം നടത്തിയത്. ജൂലായ് 14ന് ആണ് ചന്ദ്രയാൻ- 3ന്റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപണ വാഹനം ആയ എൽ വി എം 3 റോക്കറ്റിൽ ഏറിയാണ് ചന്ദ്രയാൻ- 3 കുതിച്ചത്.












Click it and Unblock the Notifications